ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങള്‍ നടത്തുന്ന മുന്നൊരുക്കങ്ങള്‍ പലപ്പോഴും വലിയ ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ മൊറോക്കോയുടെ ഇത്തരത്തിലുള്ള നടപടികള്‍ വ്യാപക വിമര്‍ശനത്തിനാണ് ഇട നല്‍കിയിരിക്കുന്നത്. 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് മുന്നോടിയായി 30 ലക്ഷം തെരുവ് നായ്ക്കളെ കൊല്ലാന്‍ രാജ്യം പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ നിരവധിപേരാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്.
ലോകകപ്പിന് മുന്നോടിയായി സ്റ്റേഡിയങ്ങളും ഗതാഗത ശൃംഖലകളും നവീകരിച്ചുകൊണ്ടാണ് മൊറോക്കോ മുന്നൊരുക്കങ്ങള്‍ തുടങ്ങിയത്. ഈ സാഹചര്യത്തിലാണ് നായ്ക്കളെ കൊന്നൊടുക്കാന്‍ സാദ്ധ്യതയുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൊറോക്കോയില്‍ ഓരോ വര്‍ഷവും 3000,000 തെരുവ് നായ്ക്കള്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍.
കീടനാശിനിയായി ഉപയോഗിച്ചുവരുന്ന ഉയര്‍ന്ന വിഷമുള്ള രാസവസ്തുവായ സ്ട്രൈക്നൈന്‍ കുത്തിവച്ചാണ് നായ്ക്കളെ കൊല്ലുന്നത്. അതല്ലെങ്കില്‍ തെരുവില്‍ തന്നെ വെടിവച്ച് കൊല്ലുകയോ കശാപ്പ് കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവുകയോ ചെയ്യും.നിരവധി പേരാണ് ഈ നടപടിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍ ഈ വിവാദവുമായി ബന്ധപ്പെട്ട് ഫിഫ ഇതുവരെ ഒരു പ്രസ്താവനയും പുറത്തുവിട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
Discussion about this post