അബുദാബി: വാഹനമോടിക്കുന്നവര്‍ക്കുള്ള നിയമങ്ങള്‍ കടുപ്പിച്ച് യുഎഇ. ഇനിമുതല്‍ അശ്രദ്ധ കാണിക്കുകയും അമിത വേഗതയില്‍ വാഹനമോടിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കനത്ത പിഴ ചുമത്താന്‍ യുഎഇ. സാധാരണ ഒരു കാര്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ പിഴയാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് യുഎഇ ചുമത്തുന്നത്. വാഹനം കണ്ടുകെട്ടല്‍, സമന്‍സ് മുതല്‍ പ്രോസിക്യൂഷന്‍വരെയുള്ള കടുത്ത നടപടികളാണ് ഗതാഗത നിയമം ലംഘിക്കുന്നവര്‍ യുഎഇയില്‍ നേരിടേണ്ടി വരിക.
ഗതാഗത നിയമലംഘനത്തിന് കഴിഞ്ഞദിവസം ഷാര്‍ജയും പിഴത്തുക വര്‍ദ്ധിപ്പിച്ചിരുന്നു. അശ്രദ്ധമായി വാഹനമോടിക്കുക, നിയന്ത്രിത മേഖലയില്‍ വാഹനമോടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ വാഹനം കണ്ടുകെട്ടും. 20,000 ദിര്‍ഹം പിഴയൊടുക്കിയാല്‍ മാത്രമേ വാഹനം തിരികെ കിട്ടുകയുള്ളൂ.
ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നവര്‍ക്ക് 30,000 ദിര്‍ഹമാണ് ഷാര്‍ജയില്‍ പിഴ. ഇനി അശ്രദ്ധമായി വാഹനമോടിക്കുന്നതിന് 50,000 ദിര്‍ഹമാണ് അബുദാബിയിലും ദുബായിലും പിഴ നല്‍കേണ്ടി വരിക. റാസല്‍ ഖൈമയില്‍ ഇത് 20,000 ദിര്‍ഹമാണ്. മൂന്നുമാസംവരെ വാഹനം പിടിച്ചുവയ്ക്കുകയും ചെയ്യും. പിഴ ഒടുക്കുകയും മൂന്ന് മാസത്തിനകം വാഹനം തിരിച്ചെടുക്കുകയും ചെയ്തില്ലെങ്കില്‍ വാഹനം ലേലത്തിന് വയ്ക്കും.നിലവില്‍ ലൈസന്‍സ് ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 18 ആണ്. ഈ വര്‍ഷം മാര്‍ച്ച് 29 മുതല്‍ 17 വയസ് തികഞ്ഞവര്‍ക്കും യുഎഇയില്‍ ലൈസന്‍സ് നേടാന്‍ സാധിക്കും.
Discussion about this post