പ്രയാഗ്‌രാജ്: 12 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന അത്യപൂർവ ആത്മീയ സംഗമമായ മഹാകുംഭ മേളയ്ക്ക് ജനുവരി 13ന് തിരിതെളിഞ്ഞിരിക്കുകയാണ്. കോടിക്കണക്കണക്കിന് ആളുകളാണ് ഇത്തവണത്തെ കുംഭമേളയ്ക്ക് സാക്ഷിയാവാൻ പുണ്യഭൂമിയിലേക്ക് ഒഴുകിയെത്തുന്നത്. കുതിരപ്പുറത്തും കാൽനടയുമായും എത്തിയ അഖാരകളും മുടിയിൽ പൂക്കളും കഴുത്തിൽ മാലകളുമണിഞ്ഞ് ത്രിശൂലവുമായി എത്തിയ നാഗ സന്യാസിമാരുമെല്ലാം കുംഭമേളയുടെ മാറ്റ് കൂട്ടുകയാണ്.
കുംഭമേളയിൽ ഏവരെയും അതിശയിപ്പിച്ച ഒരാളായ ഐഐടി ബാബ. ആരാണ് ഐഐടി ബാബയെന്ന ചോദ്യമെന്നാണ് സോഷ്യൽ മീഡിയയിൽ മുഴുവൻ. ചില്ലറക്കാരനല്ല, ഐഐടി ബാബയെന്ന അഭയ് സിംഗ്. ഐഐടി ബോംബെയിൽ നിന്ന് എയ്റോസ്പേസ് എൻജിനീയറിങ്ങും ഡിസൈൻ ആൻഡ് വിഷ്വൽ കമ്മ്യൂണിക്കേഷൻസിൽ ബിരുദാനന്തര ബിരുദവും നേടിയ വ്യക്തിയാണ് ഐഐടി ബാബയെന്ന ഹരിയാനക്കാരൻ. 2015ലാണ് ഐഐടി ബാബ പഠനം പൂർത്തിയാക്കിയത്. പഠനത്തിന് ശേഷം വിവിധ കമ്പനികളിൽ അഭയ് സിംഗ് ജോലി ചെയ്തിരുന്നു.
ബോംബെ ഷേവിങ് കമ്പനിയുടെ പ്രൊജക്ട് മാനേജറായി രണ്ട് വർഷം പ്രവർത്തിച്ചതിന് ശേഷം, 2019-ൽ അഭയ് കാനഡയിലേക്ക് പോയി. കനേഡിയൻ ടൈർ എന്ന കമ്പനിയിൽ യുഐ ഡിസൈനറായി ജോലി ചെയ്തിരുന്ന അഭയ് സിംഗിന്റെ ശമ്പളം പ്രതിമാസം 3 ലക്ഷം രൂപയായിരുന്നു. എന്നാൽ, ഇവിടെ ജോലി ചെയ്യുന്നതിനിടെയാണ് തന്റെ വഴി ഇതൊന്നുമല്ല, ആത്മീയതയാണെന്ന തിരിച്ചറിവ് അഭയ് സിംഗിന് ഉണ്ടാവുന്നത്. ഇതിന് പിന്നാലെ, ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കുകയായിരുന്നു.
ഇതിന് പിന്നാലെ, കുടുംബത്തോട് പോലും അകന്നു. മദ്യപാനവും പുകവലിയും ഉപേക്ഷിച്ച് കാഷായവേഷം ധരിച്ചു. ജീവിതത്തിന്റെ അർഥമെന്താണ് എന്ന് സ്വയം ചോദിച്ചു തുടങ്ങിയതിനു ശേഷമാണ് സന്യാസം സ്വീകരിച്ചത് എന്നാണ് അഭയ് സിംഗ് പറയുന്നത്.












Discussion about this post