ന്യൂഡൽഹി : ഫെബ്രുവരി 5-ന് നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി ബിജെപി. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ആണ് സങ്കൽപ് പത്ര എന്ന പേരിലുള്ള പ്രകടനപത്രികയുടെ ആദ്യഭാഗം പുറത്തിറക്കിയത്. ‘വിക്ഷിത് ഡൽഹി’ എന്ന പ്രതിബദ്ധതയിൽ ഊന്നിയാണ് ബിജെപിയുടെ പ്രകടനപത്രിക.
സ്ത്രീകൾക്കുള്ള പ്രത്യേക സഹായങ്ങൾ, ആരോഗ്യ സംരക്ഷണം, മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക പരിഗണന, ഭക്ഷണം എന്നിവ ലക്ഷ്യമിട്ടുള്ള പ്രധാന സംരംഭങ്ങളുടെ രൂപരേഖയാണ് ബിജെപിയുടെ പ്രകടനപത്രികയിൽ വിവരിക്കുന്നത്. അഴിമതിരഹിത ഭരണവും വികസന പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുകയും ചെയ്യും എന്നുള്ളത് ബിജെപി ഉറപ്പു നൽകുന്നതായി ജെപി നദ്ദ അറിയിച്ചു.
മഹിളാ സമൃദ്ധി യോജന പ്രകാരം സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ നൽകുമെന്നുള്ളതാണ് ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. പാവപ്പെട്ട സ്ത്രീകൾക്ക് എൽപിജി സിലിണ്ടറിന് 500 രൂപ സബ്‌സിഡി നൽകുന്നത് കൂടാതെ ഹോളി, ദീപാവലി പോലെയുള്ള ആഘോഷ അവസരങ്ങളിൽ ഓരോ സിലിണ്ടർ വീതം സൗജന്യമായി നൽകുമെന്നും ബിജെപി വ്യക്തമാക്കുന്നു. മാതൃത്വ സുരക്ഷാ വന്ദന യോജന പദ്ധതി വഴി ഗർഭിണികൾക്ക് 21,000 രൂപയും മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്ന് ആറ് പോഷകാഹാര കിറ്റുകളും നൽകുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു.
60 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കുള്ള പെൻഷൻ 2,000 രൂപയിൽ നിന്ന് 2,500 രൂപയായി ഉയർത്തും എന്നുള്ളതാണ് ബിജെപിയുടെ പ്രകടനപത്രികയിലെ മറ്റൊരു വാഗ്ദാനം. വിധവകൾ, ഭിന്നശേഷിക്കാർ, നിരാലംബർ, 70 വയസ്സിനു മുകളിലുള്ളവർ എന്നിവരുടെ പെൻഷൻ 2,500 രൂപയിൽ നിന്ന് 3,000 രൂപയായും ഉയർത്തും. പാവപ്പെട്ടവർക്ക് കേവലം 5 രൂപയ്ക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്ന അടൽ കാൻ്റീൻ, ഡൽഹിയിലെ 51 ലക്ഷം നിവാസികൾക്കായി ആയുഷ്മാൻ ഭാരത് പദ്ധതിയുടെ പൂർണമായ നടത്തിപ്പ് എന്നിവയും ബിജെപി പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നു.
Discussion about this post