മുംബൈ : വീട്ടിൽ വച്ച് മോഷ്ടാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ നടൻ സെയ്ഫ് അലി ഖാന്റെ ശസ്ത്രക്രിയകൾ പൂർണമായി. സെയ്‌ഫിന്റെ ശരീരത്തിൽ തുളഞ്ഞു കയറിയിരുന്ന കത്തിയുടെ പകുതിഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം പുറത്തെടുത്ത കത്തിയുടെ ഭാഗത്തിന്റെ ചിത്രങ്ങൾ മുംബൈ ലീലാവതി ആശുപത്രി അധികൃതർ പുറത്തുവിട്ടു.
ലീലാവതി ആശുപത്രിയിലെ ഡോക്ടർമാർ വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹത്തിൻ്റെ ആരോഗ്യവിവരങ്ങൾ പങ്കുവെക്കുകയും ചെയ്തു. സെയ്ഫ് ഇപ്പോൾ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ഉടൻ തന്നെ ഐസിയുവിൽ നിന്ന് പ്രത്യേക മുറിയിലേക്ക് മാറ്റുമെന്നും ലീലാവതി ആശുപത്രി അധികൃതർ വ്യക്തമാക്കി.
ബുധനാഴ്ച രാത്രിയാണ് സെയ്ഫ് അലി ഖാനെ മുംബൈയിലെ വസതിയിൽ വെച്ച് മോഷ്ടാവ് ആക്രമിച്ചത്. അക്രമി സെയ്‌ഫിന്റെ ശരീരത്തിൽ തുടർച്ചയായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ആഴത്തിലുള്ള മുറിവുകളാണ് സെയ്‌ഫിന്റെ ശരീരത്തിൽ ഉള്ളത് എന്നാണ് ആശുപത്രിയിൽ നിന്നുമുള്ള വിവരം. സംഭവത്തിലെ പ്രതിയെ പോലീസ് വെള്ളിയാഴ്ച പിടികൂടിയിട്ടുണ്ട്.
Discussion about this post