തിരുവനന്തപുരം : തിരുവനന്തപുരത്ത് ശ്വാസകോശ രോഗിക്ക് താലൂക്ക് ആശുപത്രിയിൽ നിന്നും നൽകിയ ക്യാപ്സ്യൂളിൽ മൊട്ടുസൂചി കണ്ടെത്തിയതായി പരാതി. വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ക്യാപ്സ്യൂളിനുള്ളിൽ നിന്നുമാണ് ചെറിയ മൊട്ടു സൂചി കണ്ടെത്തിയത്. മേമല ഉരുളുകുന്ന് സ്വദേശിനി വസന്തയ്ക്ക് താലൂക്ക് ആശുപത്രി ഫാർമസിയിൽ നിന്നും നൽകിയ മരുന്നിലാണ് സൂചി ഉണ്ടായിരുന്നത്.
ശ്വാസകോശ രോഗിയായ വസന്ത
ബുധനാഴ്ച വൈകിട്ട് വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഡോക്ടർ കുറിച്ചു കൊടുത്ത മരുന്ന് ആശുപത്രിയിലെ തന്നെ ഫാർമസിയിൽ നിന്നുമാണ് വാങ്ങിയത്. സി- മോക്സ് എന്ന ഗുളികയ്ക്ക് ഉള്ളിലായിരുന്നു മൊട്ടു സൂചി കണ്ടെത്തിയത്. ക്യാപ്സ്യൂൾ കഴിക്കാൻ ആരംഭിച്ചു രണ്ടുദിവസത്തിനുശേഷമാണ് മൊട്ടുസൂചി അടങ്ങിയ ക്യാപ്സ്യൂൾ വസന്ത കണ്ടെത്തിയത്.
ഗുളികക്കുള്ളിൽ സൂചി കണ്ടെത്തിയതോടെ വസന്ത പഞ്ചായത്ത് അധികൃതരെയും ഹെൽത്ത് സർവീസ് അധികൃതരെയും വിവരമറിയിക്കുകയായിരുന്നു. ഹെൽത്ത് സർവീസ് അഡീഷണൽ ഡയറക്ടർ ഡോ.കെ.എസ്.ഷിനുവിന്റെ നേതൃത്വത്തിലുള്ള സംഘം വസന്തയിൽ നിന്നും മൊഴിയെടുത്തു. മൊട്ടുസൂചി കണ്ടെത്തിയ ക്യാപ്സ്യൂൾ വിശദമായ പരിശോധന നടത്തുമെന്നും ഗുളിക പുറത്തിറക്കിയ മെഡിക്കൽ കമ്പനിയെ അടക്കം കക്ഷിയാക്കി അന്വേഷണം നടത്തുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു.
Discussion about this post