മുംബൈ : നടൻ സെയ്ഫ് അലി ഖാനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനായതിൽ സന്തോഷമെന്ന് ഓട്ടോ ഡ്രൈവർ ഭജൻ സിംഗ് റാണ. വ്യാഴാഴ്ച പുലർച്ചെ ബാന്ദ്ര പ്രദേശത്തേക്ക് ഓട്ടം പോകുന്നതിനിടയിലാണ് ഒരു അപ്പാർട്ട്മെന്റിന്റെ ഗേറ്റിനു മുമ്പിൽ നിന്നും ഒരു സ്ത്രീ വണ്ടി നിർത്തൂ എന്ന് നിലവിളിച്ചുകൊണ്ട് വന്നത്. എന്നാൽ അത് സെയ്ഫ് അലി ഖാന് വേണ്ടി ആണെന്ന് അറിഞ്ഞിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
സെയ്ഫ് അലി ഖാന് നേരെ ആക്രമണം ഉണ്ടായെന്നും ആശുപത്രിയിൽ കൊണ്ടു പോകണമെന്നും ആ സ്ത്രീ അറിയിച്ചു. സെയ്ഫ് നടന്നുവന്നാണ് ഓട്ടോയിൽ കയറിയത്. ഒരു ചെറിയ കുട്ടിയും മറ്റൊരാളും അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വെളുത്ത വസ്ത്രത്തിൽ ആകെ രക്തം പുരണ്ട് ചുമന്ന നിലയിൽ ആയിരുന്നു. പെട്ടെന്ന് തന്നെ അദ്ദേഹത്തെ ലീലാവതി ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും ഓട്ടോ ഡ്രൈവർ വ്യക്തമാക്കി.
വാഹനത്തിൽ കയറിയ ഉടനെ തന്നെ എത്ര സമയം എടുക്കും എന്നാണ് സെയ്ഫ് ചോദിച്ചത്. വേഗം എത്തിക്കാം എന്ന് പറഞ്ഞു. ആ സമയത്ത് അതുവഴി വരാൻ ആയതിലും അദ്ദേഹത്തെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ ആയതിലും സന്തോഷമുണ്ട്. അതിനാൽ തന്നെ അദ്ദേഹത്തിൽ നിന്നും ഓട്ടോക്കൂലി പോലും താൻ വാങ്ങിയില്ല. അദ്ദേഹം സുഖം പ്രാപിച്ചു വരുന്നു എന്ന് അറിഞ്ഞതിൽ ആശ്വാസമുണ്ട് എന്നും ഭജൻ സിംഗ് റാണ വെളിപ്പെടുത്തി.
മോഷ്ടാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സെയ്ഫ് അലി ഖാന്റെ ആരോഗ്യനിലയിൽ മികച്ച പുരോഗതി ഉള്ളതായി ലീലാവതി ആശുപത്രിയിലെ ന്യൂറോ സർജൻ ഡോ നിതിൻ ഡാങ്കേ അറിയിച്ചു. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തന്നെ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യാൻ കഴിഞ്ഞേക്കും. രണ്ടു കൈകളിലും കഴുത്തിന്റെ വലതുവശത്തും നട്ടെല്ലിലും സെയ്‌ഫിന് കുത്തേറ്റിരുന്നതായി ഡോക്ടർമാർ അറിയിച്ചു. മൂർച്ചയുള്ള കത്തിയുടെ ഒരു ഭാഗം അദ്ദേഹത്തിന്റെ ശരീരത്തിന് ഉള്ളിൽ കുടുങ്ങിയിരുന്നു. അത് വളരെ ആഴത്തിൽ പോയി, ഡ്യൂറയിലും സുഷുമ്നാ നാഡിയിലും സ്പർശിച്ചു. പക്ഷേ അത് സുഷുമ്നാ നാഡിക്ക് കേടുപാടുകൾ വരുത്തിയിട്ടില്ല എന്നും ഡോക്ടർമാർ വ്യക്തമാക്കി.
Discussion about this post