തിരുവനന്തപുരം : തിരുവനന്തപുരം നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. കുട്ടികൾ അടക്കം നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 10:20 ഓടെയായിരുന്നു അപകടം നടന്നത്.
നെടുമങ്ങാട് ഇരിഞ്ചയത്ത് വെച്ചാണ് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം ഉണ്ടായത്. കാട്ടാക്കട സ്വദേശിനിയായ ദാസിനിയാണ് (60) അപകടത്തിൽ മരിച്ചത്. കാട്ടാക്കട പെരുങ്കട വിളയിൽ നിന്നും വിനോദയാത്രയ്ക്കായി പോയ സംഘം സഞ്ചരിച്ച ബസ്സാണ് മറിഞ്ഞത്. 49 പേർ ആയിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്.
രാത്രിയിൽ വലിയ അപകട സാധ്യതയുള്ള റോഡിലാണ് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ എല്ലാവരെയും പുറത്തെത്തിച്ച് വിവിധ ആശുപത്രികളിലേക്ക് മാറ്റി. കന്യാകുളങ്ങര താലൂക്ക് ആശുപത്രി, നെടുമങ്ങാട് ജില്ലാ ആശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്കാണ് പരിക്കേറ്റവരെ മാറ്റിയിരിക്കുന്നത്.
Discussion about this post