ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) തങ്ങളുടെ സ്‌പേസ് ഡോക്കിംഗ് എക്‌സ്‌പെരിമെന്റിന്റെ (SpaDeX) ഭാഗമായി വിജയകരമായി ഉപഗ്രഹ ഡോക്കിംഗ് പ്രദർശിപ്പിക്കുന്ന ഒരു വീഡിയോ വെള്ളിയാഴ്ച പുറത്തിറക്കി. പരീക്ഷണ വിജയത്തോടെ ഈ നാഴികക്കല്ല് കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയിരുന്നു. ഇന്ത്യക്ക് പുറമെ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ഡോക്കിങ് സാങ്കേതിക വിദ്യ സ്വന്തമായുള്ളത്.
ബഹിരാകാശത്ത് ഉപഗ്രഹങ്ങൾ ബന്ധിപ്പിക്കുന്നതിന്റെ വീഡിയോ ആണ് ഐ എസ് ആർ ഓ പങ്കിട്ടത്. തുടർന്ന് ഈ നേട്ടം സാധ്യമാക്കിയതിന് ബഹിരാകാശ ഏജൻസി ടീമിനെ അഭിനന്ദിച്ചു കൊണ്ടുള്ള പുതിയ ഐഎസ്ആർഒ ചെയർമാൻ വി നാരായണന്റെ സന്ദേശവും പുറത്ത് വന്നു.
ചന്ദ്രയാൻ-4, ഗഗൻയാൻ, ബഹിരാകാശ നിലയം സ്ഥാപിക്കൽ, ചന്ദ്രനിൽ ഒരു ബഹിരാകാശയാത്രികനെ ഇറക്കൽ എന്നിവയുൾപ്പെടെ രാജ്യത്തിന്റെ അഭിലാഷമായ ഭാവി ദൗത്യങ്ങളുടെ വിജയകരമായ നിർവ്വഹണത്തിന് ഈ ഡോക്കിംഗ് പരീക്ഷണം നിർണായകമാണ്.
അതേസമയം വരും ദിവസങ്ങളിൽ അൺഡോക്കിംഗ്, പവർ ട്രാൻസ്ഫർ പരീക്ഷണങ്ങൾ നടത്തുമെന്ന് ഐഎസ്ആർഒ പ്രഖ്യാപിച്ചിട്ടുണ്ട് . കഴിഞ്ഞ വർഷം ഒക്ടോബറിലാണ് , 2035 ആകുമ്പോഴേക്കും “ഭാരതീയ അന്തിക്ഷ് സ്റ്റേഷൻ” എന്ന പേരിൽ സ്വന്തമായി ബഹിരാകാശ നിലയം ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപനം നടത്തിയത്. അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ നിർണ്ണായക ഭാഗമാണ് ഇപ്പോൾ നടന്നിരുന്ന ഡോക്കിങ് പരീക്ഷണങ്ങൾ.
https://twitter.com/isro/status/1880277647391137947
Discussion about this post