മുംബൈ : 20 വർഷമായി ഇന്ത്യയിൽ അനധികൃതമായി താമസിച്ചുവന്നിരുന്ന ബംഗ്ലാദേശി പൗരൻ അറസ്റ്റിൽ. പൂനെയിലെ മഹർഷി നഗർ ഏരിയയിൽ താമസിക്കുന്ന എഹ്‌സാൻ ഹാഫിസ് ഷെയ്ഖാണ് (34) പിടിയിലായത്. 20 വർഷങ്ങൾക്കു മുൻപ് കൊൽക്കത്ത വഴി ഇന്ത്യയിലേക്ക് കടന്ന് ഇയാൾ വർഷങ്ങളായി പൂനെയിൽ ബിസിനസ് ചെയ്തു വരികയായിരുന്നു. പൂനെ സിറ്റി പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
എഹ്‌സാൻ ഹാഫിസ് ഷെയ്ഖിൽ നിന്നും നിരവധി വ്യാജ ആധാർ കാർഡുകൾ അടക്കം പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊൽക്കത്തയിലെ ഒരു ഏജന്റ് വഴിയാണ് ഇയാൾ വ്യാജ ജനന സർട്ടിഫിക്കറ്റ് സ്വന്തമാക്കിയത്. തുടർന്ന് ഈ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇന്ത്യൻ പാസ്പോർട്ട് സ്വന്തമാക്കി. കഴിഞ്ഞ 20 വർഷങ്ങൾക്കുള്ളിൽ ഇയാൾ മുംബൈ, അഹമ്മദാബാദ്, പൂനെ എന്നിവിടങ്ങളിലായി കഴിഞ്ഞ് വരികയായിരുന്നു.
പൂനെ പോലീസ് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും ഏഴ് ആധാർ കാർഡുകൾ, രണ്ട് വോട്ടർ ഐഡി കാർഡുകൾ, രണ്ട് ഡ്രൈവിംഗ് ലൈസൻസുകൾ, ഏഴ് പാൻ കാർഡുകൾ, നാല് പാസ്‌പോർട്ടുകൾ, ഒമ്പത് ഡെബിറ്റ് കാർഡുകൾ, ഒമ്പത് ക്രെഡിറ്റ് കാർഡുകൾ, എട്ട് ജനന സർട്ടിഫിക്കറ്റുകൾ, ബംഗ്ലാദേശ്, പാകിസ്ഥാൻ, മലേഷ്യ, സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഖത്തർ എന്നിവയുടെ കറൻസികൾ എന്നിവ പിടിച്ചെടുത്തു. സ്വർഗേറ്റ് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
Discussion about this post