കൊടുങ്ങല്ലൂര്‍: ചാളയ്ക്ക് അപ്രതീക്ഷിതമായി വിലയിടിഞ്ഞതോടെ മത്സ്യമേഖല നേരിടുന്നത് കനത്ത പ്രതിസന്ധി. രൂചി ഇല്ലാതായ ചാളയ്ക്ക് ഡിമാന്റ് തകര്‍ന്നതോടെയാണ് മത്സ്യത്തൊഴിലാളികളും വള്ളം ഉടമകളും ഒരു പോലെ പ്രതിസന്ധിയിലായത്.
മുന്‍ ട്രോളിംഗ് നിരോധന കാലത്ത് ചാളയ്ക്ക് 300 രൂപവരെ എത്തിയിരുന്നു. ചെറുകിട കച്ചവടക്കാര്‍ പൊതുവിപണിയില്‍ 400 രൂപയ്ക്കാണ് അന്ന് വിറ്റത്. ട്രോളിംഗ് നിരോധനത്തിനു ശേഷം ബോട്ടുകള്‍ കടലില്‍ ഇറങ്ങുകയും ഗോവ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ മത്സ്യം വിപണിയില്‍ വന്നതും ചാളയുടെ വില താഴാന്‍ ഇടയാക്കി. എന്നാല്‍ ട്രോളിംഗ് നിരോധനത്തിനുശേഷം പിന്നീട് വിപണിയിലാകെ ചെറിയ ചാളയെയാണ് കാണാനായത്. കേവലം 10 സെന്റിമീറ്റര്‍ നീളമുള്ള ചാളയ്ക്ക് രൂചിയും ഇല്ലാതായി. മാംസം കുറവുമായിരുന്നു.
ഇപ്പോള്‍ മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങള്‍ക്കും പൊന്തുകാര്‍ക്കും ലഭിക്കുന്ന ഏക മത്സ്യം ചാള മാത്രമാണ്. വില കുറഞ്ഞ ചാള വളത്തിന് പൊടിക്കാനാണ് ഇപ്പോള്‍ അധികവും കൊണ്ടുപോകുന്നത്. ചാളയ്ക്ക് വില ലഭിക്കാത്തതുമൂലം വള്ളം ഉടമകളും തൊഴിലാളികളും വന്‍ കടക്കെണിയിലാണ്.
അതേസമയം, കാലവസ്ഥ വ്യതിയാനമാണ്. ചാളയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചതെന്നും അതൊന്നുമല്ല ജനിതക മാറ്റമാണെന്നും മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. കടലില്‍ ആവശ്യത്തിന് മഴയും പോളയും ഇല്ലാത്തതാണ് ചാളയുടെ മുരടിപ്പിന് കാരണമെന്നും അഭിപ്രായമുണ്ട്. ഇത് സംബന്ധിച്ച് മത്സ്യവകുപ്പ് പഠനം നടത്തിവരുന്നുണ്ട്.
Discussion about this post