വിമാനയാത്രക്കിടെ അബോധാവസ്ഥയിലായ 70കാരന് രക്ഷകയായ ജീവനക്കാരിക്ക് കയ്യടി. പൂനെയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനത്തിലാണ് ഈ സംഭവം നടന്നത്. സംരംഭകനും വ്യവസായിയുമായ സന്‍ജിത് മഹാജനാണ് വിമാനത്തിനുള്ളിലെ സംഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
തികച്ചും അസാധാരണമായ നിമിഷങ്ങള്‍ക്കാണ് താന്‍ സാക്ഷിയായതെന്നാണ് സന്‍ജിത് കുറിച്ചു. പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ശക്തി, അനുകമ്പ, സഹിഷ്ണുത എന്നിവയുടെ ഒരു ഓര്‍മ്മപ്പെടുത്തലായിരുന്നു ആ സംഭവമെന്ന് അദ്ദേഹം പറയുന്നു. വിമാനയാത്രക്കിടെ 70-കാരനായ യാത്രക്കാരന് ദേഹാസ്വസ്ഥ്യമുണ്ടാകുകയും ബോധരഹിതനാകുകയുമായിരുന്നു.വിമാനത്തിനുള്ളില്‍ ഡോക്ടര്‍മാരോ മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ ആരെങ്കിലുമുണ്ടോ എന്ന് തിരഞ്ഞെങ്കിലും ആരുമുണ്ടായിരുന്നില്ല. . ഇതിനിടെയാണ് വിമാനജീവനക്കാരില്‍ ഒരാള്‍ രക്ഷകയായെത്തിയത്. ശരിക്കും സൂപ്പര്‍ വുമണിനെ പോലെ എന്നാണ് അദ്ദേഹം അവരെ വിശേഷിപ്പിച്ചത്.
അബോധാവസ്ഥയിലായ യാത്രക്കാരനടുത്തെത്തിയ ഫ്ളൈറ്റ് അറ്റന്‍ഡന്റ് ഉടന്‍ തന്നെ അദ്ദേഹത്തിന് ഓകിസിജനടക്കമുള്ള പ്രാഥമിക ചികിത്സ നല്‍കി. 30-40 മിനിറ്റോളം അശ്രാന്തമായി പരിശ്രമിച്ചാണ് യാത്രക്കാരനെ സാധാരണ നിലയിലെത്തിക്കാനായത്. യാത്രക്കാരന്‍ സാധാരണ നിലയിലായതോടെ ജീവനക്കാരിയുടെ കണ്ണുനിറയുന്നതാണ് കാണാനായതെന്നും ഇങ്ങനെയുള്ള ജീവനക്കാരെ നിയമിച്ച ഇന്‍ഡിഗോയെയും അദ്ദേഹം തന്റെ കുറിപ്പില്‍ പ്രശംസിച്ചു.
Discussion about this post