മഹാകുംഭ് നഗർ: ഏറ്റവും വലിയ ആത്മീയ സംഗമമായ മഹാകുംഭമേളയ്ക്ക് തിരിതെളിഞ്ഞിരിക്കുകയാണ്. 12 വർഷത്തിലൊരിക്കൽ നടക്കുന്ന അപൂർവ സംഗമത്തിന് സാക്ഷിയാകാൻ ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഒഴുകിയെത്തുന്നത്. ഇത്തവണത്തെ കുംഭമേളയിൽ 40 കോടി ജനങ്ങൾ സ്‌നാനം ചെയ്യുമെന്നാണ് കണക്കുകൂട്ടുന്നത്.
അദാനി ഗ്രൂപ്പുമായി സഹകരിച്ച് ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ഇസ്‌കോൺ) കുംഭമേളയിലെടുക്കുന്ന ഒരു ലക്ഷത്തോളം ഭക്തർക്ക് പ്രതിദിനം ഭക്ഷണം നൽകുന്നു. കുംഭമേളയ്ക്കിടെ ഹർഷവർദ്ധൻ മാർഗിലെ ക്യാമ്പിലാണ് ഇസ്‌കോൺ ഭക്തർക്കായി ഭക്ഷണമൊരുക്കുന്നത്. ഇവിടെ ഒരുക്കിയ പാചകപ്പുരയിൽ, ഒരു സെഷനിൽ 30000 മുതൽ 35000 വരെ ഭക്തർക്ക് ഭക്ഷണം തയ്യാറാക്കുന്നു. ഒരു ദിവസം മൂന്ന് സെഷനുകളിലായി ഒരു ലക്ഷത്തോളം പേർക്ക് ഭക്ഷണം നൽകാൻ സാധിക്കുന്നുവെന്നും ഇസ്‌കോൺ ഡയറക്ടർ മധുകാന്ത് ദാസ് വ്യക്തമാക്കി.
ദാൽ, ചോലെ, രജ്മ, പച്ചക്കറികൾ, റൊട്ടി, ചോറ്, മധുരപലഹാരങ്ങളായ ഹൽവ, ബൂന്ദി ലഡ്ഡു എന്നിവയാണ് ഭഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പൂർണമായും സമീകൃത ആഹാരമാണ് ലഭ്യമാക്കുന്നത്. കളിമണ്ണുകൊണ്ടുള്ള അടുപ്പിൽ വിറകും ചാണക വരളി എന്നിവ കൊണ്ടാണ് ഭക്ഷണം തയ്യാറാക്കുന്നത്. ബസ് സ്റ്റാൻഡുകൾ, റെയിൽ വേ സ്‌റ്റേഷനുകൾ, പ്രധാന സ്‌നാന ദിവസങ്ങളിൽ ഭക്തജന ത്തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങൾ എന്നിവയുൾപ്പെടെ പ്രയാഗ്‌രാജിലുടനീളം 40ഓളം ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.
മേളയിലും പരിസര പ്രദേശങ്ങളിലും ശുചീകരണത്തിൽ ഏർപ്പെട്ടിരിക്കുന്ന 15,000 ജീവനക്കാർക്കും ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഭക്ഷണ വിതരണത്തിനായി 100 വാഹനങ്ങൾ വിന്യസിച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പിലെയും ഇസ്‌കോണിലെയും മൂവായിരം മുതൽ മൂവായിരം വരെ സന്നദ്ധപ്രവർത്തകർ അവരുടെ സേവനം നൽകുന്നു. മുഴുവൻ പദ്ധതിയും പരിസ്ഥിതി സൗഹൃദമാണെന്നും 45 ദിവസത്തെ ഈ മേളയിൽ ഒരിടത്തും പ്ലാസ്റ്റിക് ഉപയോഗിക്കുന്നില്ലെന്നും മധുകാന്ത് ദാസ് വ്യക്തമാക്കി.
അദാനി ഗ്രൂപ്പിലെ വൈസ് പ്രസിഡന്റ്, ജനറൽ മാനേജർ തല എക്സിക്യൂട്ടീവുകളും ഈ മേളയിൽ സേവനമനുഷ്ഠിക്കാനെത്തുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. കമ്പനിയിലെ ജീവനക്കാരും ഉദ്യോഗസ്ഥരും 100-150 ബാച്ചുകളായി സേവനമനുഷ്ഠിക്കാൻ എത്തുന്നു.
Discussion about this post