എറണാകുളം: തങ്ങളുടെ മകളുടെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്താൻ, നീതിയ്ക്ക് വേണ്ടി ഒരു അച്ഛനും അമ്മയും പോരാട്ടം തുടങ്ങിയിട്ട് ഏഴ് വർഷം പിന്നിടുന്നു. എന്നും ചുണ്ടിൽ മായാത്ത ചെറു പുഞ്ചിരിയുമായി പാറി നടന്നിരുന്ന തങ്ങളുടെ മകൾ മിഷേൽ ഷാജി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഇന്നും അവളുടെ പിതാവ് ഉറപ്പിച്ചു പറയുന്നു. ലോക്കൽ പോലീസ് ആത്മഹത്യയെന്ന് വിധിയെഴുതിയ കേസ് പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും അവസ്ഥ പഴയത് തന്നെയായിരുന്നു. പോലീസിന്റെ നിഗമനങ്ങൾ അവരും ശരിവച്ചു. കൊലപാതകമെന്ന നിഗമനത്തിലേക്കെത്താൻ നിരവധി കാരണങ്ങൾ ഉണ്ടായിട്ടും മകൾ മരിച്ച നിമിഷം മുതൽ അത് ആത്മഹത്യയാക്കി മാറ്റാനായിരുന്നു എല്ലാവർക്കും തിരക്കെന്ന് മിഷേലിന്റെ പിതാവ് പറയുന്നു.
ഇപ്പോഴിതാ മിഷേലിന്റെ 26-ാം ജന്മദിനത്തിൽ മാതാപിതാക്കൾ മകളുടെ കല്ലറയ്ക്ക് മുമ്പിൽ പ്രതിഷേധമിരിക്കുകയാണ്. മകൾ തങ്ങളെ വിട്ടു പിരിഞ്ഞ് ഇത്രയേറെ വർഷം കഴിഞ്ഞിട്ടും ഇന്നും ഷാജി വർഗീസിന്റെയും ഷൈലാമ്മയുടെയും കണ്ണുകളിൽ തീരാവേദന ഇന്നും കാണാം.
2017 മാർച്ച് 4ന് ആയിരുന്നു മിഷേലിനെ എല്ലാവരും അവസാനമായി ജീവനോടെ കണ്ടത്. കലൂർ സെന്റ് ആന്റണീസ് പള്ളിയിലെത്തി പ്രാർത്ഥിച്ച് മടങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. കൊച്ചി ഗോശ്രീ പാലത്തിലേക്ക് മിഷേൽ നടന്നു പോവുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. അതിന് ശേഷം മിഷേൽ എവിടെയാണ് പോയതെന്ന് ആർക്കും അറിയില്ല. പിറ്റേന്ന് എല്ലാവരും കാണുന്നത് കൊച്ചി കായലിൽ ചേതനയറ്റ നിലയിലുള്ള മിഷേലിനെയാണ്. മിഷേലിനെ പാലത്തിനടുത്തേക്ക് നടന്നുപോവുന്നത് കണ്ടെന്ന സാക്ഷി മൊഴിയും വന്നതോടെ, പാലത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തതാണെന്ന് കണ്ടെത്തലിലേക്ക് ലോക്കൽ പോലീസ് എത്തുകയായിരുന്നു.
എന്നാൽ, മൃതദേഹത്തിൽ നിന്നും തന്നെ തുടങ്ങിയ സംശയങ്ങളും മറ്റും മകളെ നന്നായി അറിയാവുന്ന കുടുംബം ആത്മഹത്യയെന്ന പോലീസിന്റെ കണ്ടെത്തലിനെ പാടേ തള്ളി. ശരീരത്തിൽ ആരോ ബലമായി പിടിച്ചതിന്റെ പാടുകൾ മിഷേലിന്റെ മൃതദേഹത്തിൽ വ്യക്തമായി കാണാമായിരുന്നു. മുഖത്ത് ആഴത്തിൽ നഖമിറങ്ങിയതിന്റെ പാടും ചുണ്ടുകൾ മുറിഞ്ഞതിന്റെ പാടുകളുമെല്ലാം കൊലപാതകത്തിലേക്ക് തന്നെ നീളുന്ന സംശയങ്ങൾ ബലപ്പെടുത്തുന്നതായിരുന്നു. ഒരു ചെവിയിലെ കമ്മൽ വലിച്ച് പറിച്ച നിലയിലായിരുന്നു. വലത കയ്യിൽ ആരോ പിടിച്ച് വലിച്ചതു പോലെയുള്ള വിരൽപാടുകളും ഉണ്ടായിരുന്നു. ഇതെല്ലാം ഇത്രയേറെ വ്യക്തമായി ഒരു സാധാരണക്കാരന് പോലും കാണാമായിരുന്നിട്ടും പോസ്റ്റുമോർട്ടത്തിലോ ഇൻക്വസ്റ്റ് റിപ്പോർട്ടിലോ ഇതൊന്നും ഉണ്ടായിരുന്നില്ല. ഇത് തന്നെ മരണത്തിലെ ദുരൂഹതയുടെ ഏറ്റവും വലിയ തെളിവായി കുടുംബം പലതവണ ചൂണ്ടിക്കാട്ടിയിട്ടും പ്രയോജനമുണ്ടായില്ല.
ദുർബലമായ ഒരു സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് മിഷേലിന്റേത് ആത്മഹത്യയാണ് എന്ന തീരുമാനത്തിലേക്ക് പോലീസും ക്രൈംബ്രാഞ്ചും എത്തിയത്. മകളുടെ മരണത്തെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് മിഷേലിന്റെ ആവർത്തിച്ച് ആവശ്യപ്പെട്ട് മരണം നടന്ന് രണ്ടാം വർഷം കുടുംബം തെരുവിലിറങ്ങി. എന്നാൽ, സിബിഐ അനേ്വഷണം വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പൂർണതൃപ്തി തോന്നത്ത കോടതി വീണ്ടും ചില കാര്യങ്ങളിൽ കൂടി വ്യക്തത വരുത്തിക്കൊണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടു.
മിഷേലിന്റെ സുഹൃത്തായ ക്രോണൻ അലക്‌സാണ്ടറിന്റെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത 60ഓളം എസ്എംഎസുകൾ വീണ്ടെടുക്കാനുള്ള സാധ്യതകൾ കൂടി പരിശോധിക്കണമെന്നായിരുന്നു കോടതിയുടെ നിർദേശം. അതിനോടൊപ്പം ഗോശ്രീ പാലത്തിൽ നിന്നാണ് മിഷേൽ ചാടിയത് എന്നതിനെ കുറിച്ച് വ്യക്തതയില്ലാത്തതുകൊണ്ട് തന്നെ, ഒന്നും രണ്ടും പാലങ്ങളുടെ സ്ഥാനത്ത് പരിശോധന നടത്തണമെന്നും രണ്ടിടങ്ങളിൽ നിന്നുള്ള വെള്ളത്തിന്റെ സാംപിളെടുത്ത് ഡയറ്റം പരിശോധന നടത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ കേസിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു കഴിഞ്ഞ സെപ്റ്റംബറിൽ കോടതി വിധിച്ചത്. എന്നാൽ, ഇപ്പോഴും മിഷേലിന്റെ മരണം ഒരു ചോദ്യചിഹ്നമായി തുടരുകയാണ്. കേസ് വീണ്ടും ക്രൈംബ്രാഞ്ചിനെ തന്നെ ഏൽപ്പിച്ചിട്ട് എന്തു കാര്യമെന്നാണ് മിഷേലിന്റെ പിതാവ് ഇപ്പോഴും ചോദിക്കുന്നത്.
Discussion about this post