ലക്‌നൗ: കുംഭമേളയ്ക്കിടെ പ്രയാഗ്‌രാജിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻതീപിടുത്തം. ടെന്റ് സിറ്റിയിലെ സെക്ടർ 19ൽ ഇന്ന് വൈകുന്നേരമാണ് സംഭവം. നിരവധി ടെന്റുകൾ കത്തിനശിച്ചു.
സംഭവത്തെ തുടർന്ന്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രദേശത്ത് വിന്യസിച്ചിരുന്ന നിരവധി അഗ്നിശമനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പോലീസിന്റെയും അഗ്നിശമന സേനയുടെയും ഏകോപനത്തിൽ ഉടന തന്നെ തീയണച്ചു. ജനങ്ങളെല്ലാം സുരക്ഷിതരാണെന്ന് സോൺ എഡിജി ഭാനു ഭാസ്‌കർ അറിയിച്ചു.
ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘവും സ്ഥലത്തെത്തിയിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സംഭവസ്ഥലത്തിന് സമീപത്തെ പാലത്തിന് മുകളിലൂടെ പോവുന്ന ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരൻ പകർത്തിയ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.
ചുറ്റുമുള്ള ടെന്റുകളിൽ താമസിക്കുന്നവരെ സുരക്ഷയ്ക്കായി ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മഹാകുംഭ മേളയ്‌ക്കെത്തിയ സന്യാസിമാർക്കും ഭക്തർക്കും സഹായമെത്തിക്കാൻ സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ഒരു സംഘം ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക് അറിയിച്ചു. സംഭവത്തെ കുറിച്ച് സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണത്തിലാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
Discussion about this post