ചാറ്റ് ജിപിടി തന്റെ ജീവന്‍ രക്ഷിച്ചെന്ന് യുവാവ്. വ്യായാമത്തിന് പിന്നാലെ കഠിന ക്ഷീണം അനുഭവപ്പെട്ടപ്പോള്‍ ചാറ്റ്ജിപിടിയാണ് രോഗം കണ്ടുപിടിക്കാന്‍ തന്നെ സഹായിച്ചതെന്നും അത് തന്റെ ആരോഗ്യസ്ഥിതി മോശമാകാതിരിക്കാന്‍ സഹായിച്ചെന്നുമാണ് യുവാവ് പറയുന്നത്.
‘ചാറ്റ്ജിപിടി എന്റെ ജീവന്‍ രക്ഷിച്ചു’ എന്ന് തുടങ്ങുന്ന കുറിപ്പ് റെഡ്ഡിറ്റില്‍ പങ്കിട്ടുകൊണ്ടാണ് യുവാവ് തന്റെ അനുഭവം വിവരിക്കുന്നത്. ഒരാഴ്ച മുമ്പാണ് വര്‍ക്കൗട്ടിന് പോകാന്‍ തീരുമാനിച്ചത്. പുഷ്-അപ്പ്, സ്‌ക്വാട്സ്, പ്ലാന്‍ക്സ് എന്നിവമാത്രമാണ് വ്യായാമമായി ചെയ്തതെന്ന് കുറിപ്പില്‍ പറയുന്നു. കാപ്പി അധികം കുടിച്ചതിനാല്‍ ശരീരത്തില്‍ നിര്‍ജലീകരണം സംഭവിച്ചു. പിന്നീട് ശാരീരികമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ രോഗമെന്താണെന്നറിയാന്‍ ചാറ്റ്ജിപിടിയെ ആശ്രയിക്കുകയായിരുന്നു.
ലക്ഷണങ്ങള്‍ നല്‍കിയതോടെ തനിക്ക് റാബ്ഡോമയോലൈസിസ് (Rhabdomyolysis) എന്ന അവസ്ഥയാണെന്നും ഉടന്‍ വൈദ്യസഹായം നേടണമെന്നും ചാറ്റ്ജിപിടി നിര്‍ദേശിക്കുകയായിരുന്നു. ഇതിനേക്കുറിച്ച് കൂടുതല്‍ പഠനം നടത്തിയശേഷം ചാറ്റ്ജിപിടി പറഞ്ഞത് ശരിയാണെന്ന് മനസ്സിലാകുകയും ആശുപത്രിയിലേക്ക് പോകുകയും ചെയ്‌തെന്നും അദ്ദേഹം പറയുന്നു.
ലാബ് പരിശോധനകള്‍ക്ക് ശേഷം ‘റാബ്ഡോമയോലൈസിസ്’ സംഭവിച്ചിരിക്കുകയാണെന്ന് തെളിഞ്ഞു. ശീലമില്ലാത്തതും കഠിനവുമായ വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ പേശികള്‍ക്ക് ക്ഷതം സംഭവിക്കുന്നു. ഇതിനെ തുടര്‍ന്നുണ്ടാവുന്ന അവസ്ഥയെയാണ് റാബ്ഡോമയോലൈസിസ് എന്ന് പറയുന്നത്. ഈ അവസ്ഥ വൃക്കസ്തംഭനത്തിന് വരെ കാരണമാകാം.
Discussion about this post