കൊൽക്കത്ത: കൊൽക്കത്തയിൽ ആർജികർ ആശുപത്രിയിൽ ജൂനിയർ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച് കോടതി. പ്രതി മരണം വരെ ജയിലിൽ കഴിയണമെന്ന് കോടതി വിധിച്ചു. അര ലക്ഷം രൂപ പിഴയും വിധിച്ചു.
ഇത് അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന് കോടതി നിരീക്ഷിച്ചു.
കൊൽക്കത്തയിലെ വിചാരണ കോടതിയാണ് കേസിൽ വിധി പറഞ്ഞത്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. ഡോക്ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു. 25 വർഷത്തിൽ കുറയാത്ത തടവോ ജീവപര്യന്തം തടവോ അല്ലെങ്കിൽ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തിരിക്കുന്നതെന്നും കോടതി പറഞ്ഞു. സെക്ഷൻ 64 (ബലാത്സംഗം), സെക്ഷൻ 66 (മരണത്തിന് കാരണമായതിനുള്ള ശിക്ഷ), സെക്ഷൻ 103 (കൊലപാതകം) എന്നിവ പ്രകാരമാണ് റോയിക്കെതിരെ കേസെടുത്തിരിക്കുന്നത്. സെക്ഷൻ 64 പ്രകാരം ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണ്, സെക്ഷൻ 66 പ്രകാരം ഒരാൾക്ക് വധശിക്ഷ നൽകാം.
കുടുംബം പോലും പ്രതിയെ തള്ളപ്പറഞ്ഞിരുന്നു. മകനെ തൂക്കിക്കൊല്ലാൻ വിധിച്ചാലും കോടതിവിധി താൻ സ്വാഗതം ചെയ്യുമെന്നാണ് പ്രതിയുടെ അമ്മ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. തനിക്ക് മൂന്ന് പെൺമക്കൾ ഉണ്ടെന്നും കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ വേദന തനിക്ക് മനസിലാകുമെന്നും സഞ്ജയ് റോയുടെ അമ്മ മാലതി റോയ് പറഞ്ഞു. മകൻ അർഹിക്കുന്ന ശിക്ഷ എന്തായാലും അവൻ അനുഭവിക്കട്ടെയെന്നും അവർ പ്രതികരിച്ചിരുന്നു.
രാജ്യത്തുടനീളം വലിയ പ്രതിഷേധത്തിന് ആണ് ഈ സംഭവം
കാരണമായത്. കൊലപാതകം നടന്ന് 5 മാസത്തിനു ശേഷമാണ് വിധി പറയുന്നത്. 2024 ഓഗസ്റ്റിൽ ആണ് ആർജി കർ മെഡിക്കൽ കോളേജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരൻ സഞ്ജയ് റോയിയാണ് കേസിലെ ഏക പ്രതി. സിബിഐയാണ് കേസന്വേഷിച്ചത്.
Discussion about this post