മെല്‍ബണ്‍: അണുനാശിനികള്‍ ഉപയോഗിക്കാത്തവരുണ്ടാകില്ല. നിലം തുടയ്ക്കാനും ടേബിളുകള്‍ തുടയ്ക്കാനും ടോയ്‌ലെറ്റ് കഴുകുന്നതിനുമൊക്കെ ഇവ ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാല്‍ ഇന്ന് പ്രചാരത്തിലുള്ള മിക്ക അണുനാശിനികളും 99.9 ശതമാനം അല്ലെങ്കില്‍ 99.99 ശതമാനം അണുക്കളെ കൊല്ലുമെന്നാണ് അവകാശപ്പെടാറുള്ളത്. ഇതെന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ.
ബാക്ടീരിയ, വൈറസുകള്‍, മറ്റ് സൂക്ഷ്മാണുക്കള്‍ എന്നിവയെ കൊല്ലാനോ നിര്‍ജ്ജീവമാക്കാനോ ഉപയോഗിക്കുന്ന ഒരു വസ്തുവാണ് അണുനാശിനി. പരിസരങ്ങളില്‍ ദശലക്ഷക്കണക്കിന് സൂക്ഷ്മാണുക്കള്‍ ഉണ്ട്. ഇവയില്‍ ചിലത് നമുക്കുപകാരിയാണ്. മറ്റ് ചിലത് നമ്മളെ ദോഷകരമായി ബാധിക്കും. അത്തരത്തില്‍ ദോഷകരമായ സൂക്ഷ്മാണുക്കളെ കൊല്ലാനാണ് അണുനാശിനി ഉപയോഗിക്കുന്നത്.
രാസ അണുനാശിനികളില്‍ ആല്‍ക്കഹോള്‍, ക്ലോറിന്‍ സംയുക്തങ്ങള്‍, ഹൈഡ്രജന്‍ പെറോക്സൈഡ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇത് സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നു. ലാബിന് പുറത്ത് അണുനാശിനി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ താപനില, ഈര്‍പ്പം അടക്കമുള്ള പല ഘടകങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. ഇത് റിസല്‍ട്ടിനെ സ്വാധീനിക്കാം. അതായത് ഇങ്ങനെ സംഭവിച്ചാല്‍ 100 ശതമാനം നമുക്ക് അവകാശപ്പെടാനാവില്ല.
ഇനി 100 ശതമാനം അണുക്കളെ കൊല്ലുന്നുവെന്ന് ഏതെങ്കിലും പരസ്യക്കമ്പനി അവകാശവാദമുന്നയിച്ചെന്നിരിക്കട്ടെ,ആരെങ്കിലും പരാതി നല്‍കിയാല്‍ കമ്പനിക്ക് പണികിട്ടും.100 ശതമാനം അണുക്കളെ കൊല്ലുന്നുവെന്ന് അവകാശവാദമുന്നയിക്കാത്തതിന്റെ പ്രധാന കാരണം ഇതാണ്. അതായത് പൂര്‍ണ്ണമായി അണുക്കളെ നശിപ്പിക്കാന്‍ ഇവയ്ക്ക് സാധ്യമല്ല.
സമയമാണ് മറ്റൊരു കാര്യം. പല ഗാര്‍ഹിക അണുനാശിനികളുടെയും ലേബലുകള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ കുറച്ച് സമയം അണുനാശിനി വൃത്തിയാക്കേണ്ട സ്ഥലത്ത് ഒഴിക്കണമെന്ന് കാണാം. കുറച്ച് സമയം കഴിഞ്ഞ് വേണം അത് തേച്ചുരച്ച് കഴുകാന്‍ അല്ലെങ്കില്‍ അതും റിസള്‍ട്ടിനെ ബാധിക്കാം.
Discussion about this post