ലക്‌നൗ: ഉത്തർപ്രദേശിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ക്രിമിനലുകളെ വധിച്ച് പോലീസ്. പ്രമുഖ ഗുണ്ടാ സംഘത്തിലെ അംഗങ്ങളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ അർഷാദ്, മഞ്ജിത്, സതീഷ് എന്നിവരും മറ്റൊരാളുമാണ് മരിച്ചത്. ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്.
യുപി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിലെ അംഗങ്ങളാണ് ക്രിമിനലുകളെ വധിച്ചത്. ഷാംലിയിലെ ജിജാന പോലീസ് സ്‌റ്റേഷൻ പരിധിയിൽ ആയിരുന്നു സംഭവം. സഹാറൻപൂരിലെ ബെഹാട്ടിലുള്ള പോലീസ് സ്‌റ്റേഷനിൽ ഇവർ കവർച്ച നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഇവർ ജിജാന പോലീസ് സ്‌റ്റേഷൻ പരിധിയിൽ മോഷണം ആസൂത്രണം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട വിവരം എസ്ടിഎഫിന് ലഭിച്ചു. ഇതോടെ ഇന്നലെ രാത്രി എസ്ടിഎഫ് സംഘം സ്ഥലത്ത് എത്തുകയായിരുന്നു.
തിങ്കളാഴ്ച രാത്രി എസ്ടിഎഫ് സംഘം ഇവരെ പ്രദേശത്ത് രഹസ്യമായി കാത്തുനിന്നു. എന്നാൽ കാറിൽ മോഷണത്തിന് എത്തിയ സംഘം പോലീസുകാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ പോലീസും ശക്തമായി തിരിച്ചടിച്ചു. അര മണിക്കൂറോളം നേരം പ്രദേശത്ത് ഏറ്റുമുട്ടൽ തുടർന്നുവെന്നാണ് വിവരം. വധിച്ച ഒരാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
എസ്ടിഎഫ് സംഘത്തെ നയിച്ച ഇൻസ്‌പെക്ടർ സുനിലിനാണ് പരിക്കേറ്റത്. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നാണ് വിവരം.
Discussion about this post