അമരാവതി: ജനന- മരണ സർട്ടിഫിക്കറ്റുകൾ ഇനിമുതൽ വാട്‌സ്ആപ്പ് വഴി ലഭ്യമാക്കാനൊരുങ്ങി ആന്ധ്രാപ്രദേശ് സർക്കാർ. വാട്ട്സ്ആപ്പ് ഗവേണൻസ് സേവനങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. ചീഫ് സെക്രട്ടറി കെ വിജയാനന്ദ് ആണ് ഇക്കാര്യം അറിയിച്ചത്.
ഈ മാസം അവസാനത്തോടെ, ഇതിനായി തെനാലിയിൽ സർവീസിന്റെ പൈലറ്റ് പ്രോജക്ട് നടപടിക്രമങ്ങൾ ആരംഭിക്കുമെന്ന് കെ വിജയാനന്ദ് വ്യക്തമാക്കി. ‘മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ നിർദേശാനുസരണം, സംസ്ഥാന സർക്കാർ ഉടൻ തന്നെ ജനങ്ങൾക്ക് വാട്ട്സ്ആപ്പ് ഗവേണൻസ് സേവനങ്ങൾ നൽകും. ഇതിന്റെ ഭാഗമായി ആളുകൾക്ക് ജനന-മരണ സർട്ടിഫിക്കറ്റുകൾ വാട്ട്സ്ആപ്പ് വഴി ഉടൻ ലഭ്യമാക്കും’- വിജയാനന്ദ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഇതുസംബന്ധിച്ചുള്ള നടപടികൾ ചർച്ച ചെയ്യാൻ തിങ്കളാഴ്ച റിയൽ ടൈം ഗവേണൻസ് സൊസൈറ്റി (ആർടിജിഎസ്) ഓഫീസിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി അവലോകന യോഗം ചേർന്നിരുന്നു. വാട്ട്സ്ആപ്പ് ഗവേണൻസ് അവതരിപ്പിക്കുന്നതിലൂടെ ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ പ്രാപ്യവും സൗകര്യപ്രദവുമാക്കുകയാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നതെന്ന് വിജയാനന്ദ് കൂട്ടിച്ചേർത്തു. നടപടികൾ വേഗത്തിലാക്കാൻ ആർടിജിഎസിലെയും ബന്ധപ്പെട്ട വകുപ്പുകളിലെയും ഉദ്യോഗസ്ഥരോട് അദ്ദേഹം അഭ്യർത്ഥിച്ചു. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് ആർടിജിഎസ് ഉദ്യോഗസ്ഥർക്ക് പൂർണ്ണ സഹകരണം നൽകണമെന്ന് പഞ്ചായത്തിരാജ്, ആരോഗ്യം, മുനിസിപ്പൽ ഭരണ വകുപ്പുകൾക്കും അദ്ദേഹം നിർദ്ദേശം നൽകി.
Discussion about this post