പാലക്കാട്: അദ്ധ്യാപകർക്ക് നേരെ കൊലവിളി നടത്തിയ വിദ്യാർത്ഥിയ്‌ക്കെതിരെ നടപടി സ്വീകരിച്ച് സ്‌കൂൾ അധികൃതർ. വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തു. പാലക്കാട് ആനക്കര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ആയിരുന്നു അദ്ധ്യാപകർക്കെതിരെ കൊലവിളി നടത്തിയത്.
വിദ്യാർത്ഥിയുടെ മൊബെൽ ഫോൺ സ്‌കൂൾ അധികൃതർ പിടിച്ചുവച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് വിദ്യാർത്ഥി സ്റ്റാഫ് റൂമിൽ എത്തി കൊലവിളി നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ മറ്റൊരു അദ്ധ്യാപകൻ മൊബൈലിൽ പകർത്തി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. തുടർനടപടികൾ അടുത്ത ദിവസം ചേരുന്ന പിടിഎ മീറ്റിങ്ങിൽ തീരുമാനിക്കുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സ്‌കൂളിൽ മൊബൈലുമായി എത്തുന്നതിന് വിദ്യാർത്ഥികൾക്ക് വിലക്കുണ്ട്. ഈ വിലക്ക് ലംഘിച്ചാണ് വിദ്യാർത്ഥി മൊബൈലുമായി സ്‌കൂളിൽ എത്തിയത്. ഇത് കണ്ട അദ്ധ്യാപകൻ ഫോൺ പിടിച്ച് വാങ്ങി പ്രധാന അദ്ധ്യാപകനെ ഏൽപ്പിച്ചു.
ഫോൺ ചോദിച്ച് വിദ്യാർത്ഥി പ്രധാന അദ്ധ്യാപകന്റെ പക്കൽ എത്തി. മൊബൈൽ തിരിച്ച് വേണമെന്ന വാശിയിലാണ് വിദ്യാർത്ഥി സംസാരിച്ചത്. ഇത് ചോദ്യം ചെയ്തതോടെ വിദ്യാർത്ഥി അദ്ധ്യാപകരോട് കയർത്തു. ഈ മുറിക്ക് അകത്ത് തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് മുഴുവൻ പറയുമെന്നായിരുന്നു ആദ്യം വിദ്യാർത്ഥിയുടെ ഭീഷണി. എന്നാൽ ഫോൺ നൽകാൻ പ്രധാന അദ്ധ്യാപകൻ തയ്യാറായില്ല. ഇതോടെ കൊലവിളി മുഴക്കുകയായിരുന്നു.
‘എന്റെ സ്വഭാവം നിങ്ങൾക്കറിയില്ല. നിങ്ങൾ വീഡിയോ എടുത്താൽ ഒന്നും എനിക്ക് ഒരു പ്രശ്‌നവും ഇല്ല. ഫോൺ പിടിച്ചു വച്ച് മെന്റലി ഹരാസ് ചെയ്താൽ പുറത്ത് വച്ച് തീർത്തു കളയും.’ എന്നായിരുന്നു വിദ്യാർത്ഥിയുടെ ഭീഷണി.
Discussion about this post