കോഴിക്കോട്; സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. അന്യപുരുഷന്മാരും സ്ത്രീകളും ഒന്നിച്ച് കൂടാൻ പാടില്ല എന്നത് ഇസ്ലാമിലെ നിയമമാണ്. മതത്തിന്റെ വിധി തങ്ങൾ പറയുന്നത് മുസ്ലീങ്ങളോടാണെന്നും അതിൽ ഇടപെടാൻ വരണോയെന്നും അദ്ദേഹം ചോദിച്ചു. കാന്തപുരത്തിന്റെ പ്രസ്താവനയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നിലപാടിന് മറുപടിയായിട്ടാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. തന്റെ വാക്കുകളെ ഏതോ ഒരു വ്യായാമത്തിന്റെ പേരിലാക്കി മാത്രം വ്യാഖ്യാനിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സ്ത്രീകളെ സൂക്ഷിക്കുന്നത് സ്വർണം സൂക്ഷിക്കുന്നത് പോലെയാണ്. ഞങ്ങൾ പറയുന്നതിന് നേരെ ഇങ്ങനെ കുതിര കയറാൻ വരണോയെന്നും കാന്തപുരം ചോദിച്ചു. സിപിഎമ്മിന് കണ്ണൂരിൽ എത്ര വനിതാ ഏരിയാ സെക്രട്ടറിമാരുണ്ടെന്നും അദ്ദേഹം ചോദിച്ചു. അവിടെ എന്തുകൊണ്ടാണ് വനിതകളെ പരിഗണിക്കാത്തതെന്നും കാന്തപുരം സിപിഎം നേതൃത്വത്തോട് ചോദിച്ചു.
പൊതു ഇടങ്ങളിലേക്ക് സ്ത്രീകൾ ഇറങ്ങരുത് എന്നത് പിന്തിരിപ്പൻ നിലപാടാണ്. അങ്ങനെ ശാഠ്യം പിടിക്കുന്നവർക്ക് പിടിച്ച് നിൽക്കാനാവില്ല. പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിമർശനം. അന്യപുരുഷൻമാരും സ്ത്രീ ഇടകലരുതെന്ന് പറഞ്ഞത് സമസ്തയുടെ മുശാവറയാണ്. ഏതോ ഒരു വ്യായാമത്തിന്റെ പേരിലാക്കി തന്റെ മാത്രം പ്രസ്താവനയാക്കി പ്രചരിപ്പിക്കുന്നു. എന്നിട്ട് അതിനു കുറെ ജഡ്ജിമാരും വക്കീലന്മാരും ഡോക്ടർ മാരും അഭിപ്രായം പറയുന്നു. ഞങ്ങൾ പറയുന്നതിന് ഇങ്ങനെ കുതിര കയറാൻ വരണോ ഞങ്ങളുടെ മതത്തിന്റെ വിധി ഞങ്ങൾ പറയുന്നത് മുസ്ലിംങ്ങളോടാണ്. മറ്റുള്ളവർ അതിൽ ഇടപെടേണ്ടെന്നും കാന്തപുരം പറഞ്ഞിരുന്നു. സ്ത്രീകളുടെ പാതിവ്രത്യവും സംരക്ഷണവും നിലനിർത്തുന്നതിനാണ് പർദ്ദ സമ്പ്രദായം. ഒരാളും എതിർത്തിട്ട് കാര്യമില്ല. പറയാനുള്ളത് പറയുക തന്നെ ചെയ്യും. മുസ്ലീം സമുദായം അത് സ്വീകരിക്കാൻ ബാധ്യസ്ഥരാണെന്നും കാന്തപുരം പറയുന്നു.











