ന്യൂഡൽഹി: മാംസം അല്ലാത്ത വസ്തുക്കൾക്കും ഹലാൽ സർട്ടിഫിക്കേഷൻ നൽകുന്നത് ഞെട്ടൽ ഉളവാക്കുന്നതായി യുപി സർക്കാർ സുപ്രീംകോടതിയിൽ. ഹലാൽ ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കാർ തീരുമാനത്തിനെതിരെ നൽകിയ ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു സർക്കാർ സുപ്രീംകോടതിയിൽ അമ്പരപ്പ് പ്രകടമാക്കിയത്. ആട്ടയ്ക്കും മൈദയ്ക്കും വരെ ഹലാൽ സർട്ടിഫിക്കേറ്റ് നൽകിയാണ് സംസ്ഥാനത്ത് വിൽപ്പന നടത്തുന്നത് എന്നും യുപി സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ വ്യക്തമാക്കി.
മാംസത്തിന് ഹലാൽ സർട്ടിഫിക്കറ്റ് നൽകുന്നതും ഗൗരവത്തോടെ പരിഗണിക്കേണ്ട കാര്യമാണെങ്കിലും ആർക്കും എതിർപ്പില്ല. എന്നാൽ സിമന്റ്ിലും കമ്പിയിലും വരെ ഹലാൽ മുദ്ര പതിപ്പിക്കുന്നു. ഇത് ഞെട്ടിക്കുന്ന സംഭവമാണ്. ആട്ടയിലും മൈതയിലും കടലമാവിനും ഹലാൽ മുദ്ര പതിപ്പിക്കുന്നു. എങ്ങനെയാണ് കടലമാവ് ഹലാൽ ആകുക എന്നും തുഷാർ മേത്ത ചോദിച്ചു.
ഹലാൽ സർട്ടിഫിക്കേഷൻ നൽകുന്ന ഏജൻസികൾ വലിയ പണമാണ് വ്യാപാരികളിൽ നിന്നും ഈടാക്കുന്നത്. ലക്ഷങ്ങൾ മുതൽ കോടികൾ വരെ ഇതിൽ പെടും. മതവിശ്വാസികൾ അല്ലാത്തവർ ഒരിക്കലും ഹലാൽ സർട്ടിഫിക്കേറ്റ് നൽകിയ ഉത്പന്നങ്ങൾ വാങ്ങാറില്ല. അതിനാൽ പലപ്പോഴും ഇവർക്ക് വലിയ തുക നഷ്ടമാകുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത്?. ചില ആളുകൾക്ക് ഹലാൽ ഉത്പന്നങ്ങൾ മാത്രമേ വേണ്ടതുള്ളൂ എന്നതാണ് ഇതിന് കാരണം ആകുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
ജസ്റ്റിസുമാരായ ആർ ബി ഗവായി, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവർ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
Discussion about this post