ചൈന: ഒരു തോന്നലിന് രാജിക്കത്ത് എഴുതി വെച്ച ചൈനീസ് പെണ്‍കുട്ടിക്ക് ഇപ്പോള്‍ നല്ല പണികിട്ടിയ കഥയാണ് വൈറലാകുന്നത്. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ്ക്വിങ് സ്വദേശിയായ 25-കാരിയായ യുവതിക്കാണ് ഒരു വളര്‍ത്തു പൂച്ചകാരണം ജോലി പോലും നഷ്ടമായത്. യുവതിക്ക് ഒറ്റയടിക്ക് നഷ്ടമായത് ജോലിയും വര്‍ഷാവസാന ബോണസുമാണ്.
ജനുവരി അഞ്ചാം തീയതിയായിരുന്നു ഈ സംഭവം. യുവതി തന്റെ ലാപ്‌ടോപ്പില്‍ രാജിക്കത്ത് തയ്യാറാക്കി അത് മേലധികാരിക്ക് അയക്കണോ വേണ്ടയോ എന്ന് സംശയിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഓണ്‍ ആയിരുന്ന ലാപ്‌ടോപ്പിലേക്ക് വളര്‍ത്തുപൂച്ച ചാടുകയും ലാപ്ടോപ്പിന്റെ എന്റര്‍ കീയില്‍ അമര്‍ത്തുകയുമായിരുന്നു. അതോടെ രാജിക്കത്ത് ഉള്‍പ്പെട്ട ഇ മെയില്‍ തൊഴില്‍മേധാവിക്ക് പോവുകയും ചെയ്തു.
ഒന്നും രണ്ടുമല്ല ഒന്‍പതു പൂച്ചകളെയാണ് ഈ യുവതി വളര്‍ത്തുന്നത്. ഇവയെ സംരക്ഷിക്കാന്‍ പണം ആവശ്യമായതിനാലാണ് രാജിക്കത്ത് ടൈപ്പ് ചെയ്തുവെച്ചിട്ടും താന്‍ അയക്കാതിരുന്നതെന്ന് യുവതി പിന്നീട് പറഞ്ഞു. പിന്നാലെ ഇവര്‍ തൊഴില്‍മേധാവിയെ ബന്ധപ്പെടുകയും സംഭവം വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ തൊഴില്‍മേധാവി യുവതിയുടെ വാദംതള്ളി.
രാജിക്കത്ത് അംഗീകരിച്ചതോടെ ജോലി മാത്രമല്ല വര്‍ഷാവസാനമുള്ള ബോണസും യുവതിക്ക് നഷ്ടമായി. പൂച്ചകളെ സംരക്ഷിക്കാന്‍ പണം ആവശ്യമായതിനാല്‍ പുതിയ ജോലിക്കായുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ യുവതി.
Discussion about this post