കഴിഞ്ഞ ദിവസമാണ് തൃശൂർ ജില്ലയിലെ വെളപ്പായയിൽ വിഷസസ്യം കഴിച്ച് ക്ഷീരകർഷകന്റെ അഞ്ചുപശുക്കൾ കൂട്ടമായി ചത്തത്. ബ്ലൂമിയ എന്ന ചെടിയാണ് മരണകാരണം എന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ വ്യക്തമായിരിക്കുന്നത്. ഇത് ആദ്യമായല്ല സംസ്ഥാനത്ത് ബ്ലൂമിയ സസ്യം കാരണം കന്നുകാലികൾ മരണപ്പെടുന്നത്. ബ്ലൂമിയ ചെടിയിലെ വിഷാംശത്തെ കുറിച്ച് കർഷകർക്ക് പല തവണ മുന്നറിയിപ്പ് നൽകിയിട്ടും അശ്രദ്ധ കാരണമാണ് പലപ്പോഴും ഈ കന്നുകാലി മരണങ്ങൾ ആവർത്തിക്കുന്നത്.
ഡിസംബർ – ജൂൺ കാലയളവിൽ പൂത്തുലയുന്ന ചെറിയ കാട്ടുപൂച്ചെടിയായ ബ്ലൂമിയകടുംപച്ച നിറത്തിലുള്ള മിനുസമുള്ള ഇലകളും മാംസളമായ തണ്ടുകളും വെളുപ്പ്, മഞ്ഞ നിറങ്ങളിലുള്ള ചെറിയ പുഷ്പങ്ങുമായാണ് കാണപ്പെടുന്നത്. ആസ്റ്ററേസിയ സസ്യകുടുംബത്തിൽപ്പെട്ട കുറ്റിച്ചെടികളിൽ ഒന്നാണ് ബ്ലൂമിയ. ബ്ലൂമിയ ലെവിസ്, വൈറൻസ്, ലസീറ, ബർബാറ്റ, ക്ലാർക്കി തുടങ്ങിയ നിരവധി ഉപഇനങ്ങൾ ഈ സസ്യകുടുംബത്തിൽ ഉണ്ട്. ബ്ലൂമിയ സസ്യകുടുംബത്തിൽപ്പെട്ട പതിനാറോളം ഇനം ചെടികൾ കേരളത്തിൽ കാണപ്പെടുന്നുണ്ട്. ഇതിൽ ബ്ലൂമിയ വൈറൻസ്, ലെവിസ്, ലസീറ, ആക്‌സിലാരിസ്, ബലൻജെറിയാന, ഓക്‌സിയോഡോണ്ട തുടങ്ങിയ ഇനങ്ങളാണ് കേരളത്തിൽ വ്യാപകമായി കാണപ്പെടുന്നത്. കുക്കുറച്ചെടി, രാക്കില എന്നൊക്കെ പ്രാദേശിക പേരുകളിൽ അറിയപ്പെടുന്ന സസ്യമാണ് ബ്ലൂമിയ ലസീറ ചെടികൾ.
വൈറസുകൾക്കും, ബാക്ടീരിയകൾക്കും എതിരായ പ്രതിരോധശക്തി, പനി-വേദന ശമിപ്പിക്കാനുള്ള കഴിവ് തുടങ്ങിയ നിരവധി ഔഷധഗുണങ്ങൾ ഉണ്ടെന്ന് കരുതപ്പെടുന്ന സസ്യം കൂടിയാണ് ബ്ലൂമിയ. സ്തനാർബുദത്തെയും രക്താർബുദത്തെയും വരെ പ്രതിരോധിക്കാൻ ബ്ലൂമിയ സസ്യസത്തിനാവുമെന്ന് നിരീക്ഷിക്കുന്ന ശാസ്ത്രപാഠങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, അമിത അളവിൽ ആഹാരമാക്കിയാൽ ബ്ലൂമിയ ചെടികൾ സസ്തനികളിൽ വിഷബാധയ്ക്ക് കാരണമാവുമെന്ന് വ്യക്തമാക്കുന്ന ശാസ്ത്രപഠനങ്ങളും ഉണ്ട്.
ആറു മാസം മുതൽ രണ്ട് വയസുവരെ പ്രായമുള്ള മേഞ്ഞുനടക്കുന്ന കന്നുകാലികളിലാണ് വിഷബാധയ്ക്ക് സാധ്യതയേറെയെന്നും പഠനത്തിൽ നിരീക്ഷിച്ചിട്ടുണ്ട്. കോശനാശം സംഭവിച്ച് ശരീരത്തിലെ വിവിധ അവയവങ്ങളുടെ സ്വാഭാവികപ്രവർത്തനം നിലച്ചുപോകുന്ന അവസ്ഥയാണ് ബ്ലൂമിയ വിഷബാധയെന്ന് സംശയിക്കുന്ന സംഭവങ്ങളിൽ കാണുന്നത്. ബ്ലൂമിയ ചെടിയിൽ ആൽക്കലോയിഡുകൾ, ഗ്ലൈക്കോസൈഡുകൾ, ഫ്‌ലാവനോയിഡുകൾ, സാപോണിൻ, സ്റ്റിറോയിഡുകൾ, ഡൈടെർപ്പനോയ്ഡുകൾ, ട്രൈടെർപ്പനോയ്ഡുകൾ, ടാനിൻ തുടങ്ങിയ രാസഘടകങ്ങളാണ് പ്രധാനമായും കാണപ്പെടുന്നത്. സസ്യത്തിൽ ഉയർന്ന അളവിൽ കാണപ്പെടുന്ന രാസഘടകമായ ആൽക്കലോയിഡുകളാണ് വിഷബാധയേൽക്കുന്നതിന് ഇടയാക്കുന്നത് എന്ന് ചില ശാസ്ത്രജ്ഞൻ നിരീക്ഷിച്ചിട്ടുണ്ട്.
ശൈത്യകാലത്ത് പരാഗണം നടക്കുമ്പോൾ ബ്ലൂമിയ ഇനത്തിൽപ്പെട്ട ചെടി വിഷമയമാകും. സൈനോജെനിക് ഗ്ലൈകോസെനിക്, ന്യൂറോ ടോക്സിക്, ആൽകലോയ്ഡ് എന്നീ വിഷപദാർത്ഥങ്ങൾ ഈ ചെടിയിലുണ്ടാകും. വേനൽപ്പച്ച എന്നറിയപ്പെടുന്ന ഈ ചെടി അയവിറക്കുന്ന മൃഗങ്ങൾ കഴിക്കുന്നത് അത്യന്തം അപകടകരമാണ്
Discussion about this post