വൃഷരാശി ഗതേ ജീവേ
മകരേ ചന്ദ്ര ഭാസ്കരൗ
അമാവാസ്യാ തഥാ യോഗ:
കുംഭാഖ്യ തീർത്ഥനായകേ ”
വൃഷഭ (ഇടവം) രാശിയിൽ വ്യാഴം.
മകര രാശിയിൽ സൂര്യൻ, അവിടെത്തന്നെ ചന്ദ്രനും. അന്ന് അമാവാസി തിഥിയും ആയിരിക്കണം.
ഇപ്രകാരം വരുമ്പോഴാണ് പ്രയാഗ്‌രാജിൽ കുംഭമേള.
എന്തിനാണ് ഇപ്രകാരം ഗ്രഹസ്ഥിതി വരുന്ന കാലത്ത് കുംഭമേള അനുഷ്ഠിക്കണം എന്ന് നിഷ്കർഷിച്ചത്.?
മൂന്ന് കാര്യങ്ങളാണ് പറഞ്ഞത്.
1) വ്യാഴം ഇടവം രാശിയിൽ നിൽക്കണം
ഇടവ രാശിയുടെ അധിപൻ ശുക്രനാണ്.
ശുക്രൻ അസുരഗുരുവും ബൃഹസ്പതി അഥവാ വ്യാഴം ദേവ ഗുരുവുമാണ്, എന്നത് നമുക്ക് അറിയാമല്ലോ.
“സൂരേഃ സൌമ്യസിതാവഽരീ
രവിസുതോ മധ്യഃ പരത്വഽന്യഥാ”
എന്നത് പ്രകാരം വ്യാഴത്തിന് – ബുധനും ശുക്രനും ശത്രുവും, ശനി സമനും, സൂര്യ – ചന്ദ്ര – കുജന്മാർ ബന്ധുക്കളുമാണ്.
അതായത് ഇടവം രാശിയിൽ വ്യാഴം നിൽക്കുക എന്നു പറഞ്ഞാൽ, വ്യാഴം ശത്രു ക്ഷേത്രത്തിൽ നിൽക്കുന്നു എന്നാണ്. ശത്രു ക്ഷേത്ര ഗതനായ ഗ്രഹത്തിന് അല്പം ബലക്കുറവുണ്ട്.
2) സൂര്യൻ മകരം രാശിയിൽ വരണം.
“ശത്രൂ മന്ദസിതൌ
സമഃ ശശിസുതോ
മിത്രാണി ശേഷാ രവേഃ ”
– സൂര്യന് ശനിയും ശുക്രനും ശത്രുക്കളും, ചന്ദ്രൻ സമനും, ബാക്കിയുള്ളവർ മിത്രങ്ങളുമാണ്.
മകരം രാശിയുടെ അധിപതി ശനിയാണ്.
സൂര്യന് ശനി ശത്രുവാണ്. അതായത് മകരം രാശിയിൽ സൂര്യൻ നിൽക്കുക എന്നു പറഞ്ഞാൽ സൂര്യനും ശത്രുക്ഷേത്രഗതനാണ്. (ബലക്കുറവുണ്ട്)
3) ചന്ദ്രൻ മകരം രാശിയിൽ ഉണ്ടാവണം, അന്ന് കറുത്തവാവും ആയിരിക്കണം.
മകരം രാശിയിൽ സൂര്യനോട് കൂടി ചന്ദ്രൻ വരുമ്പോൾ അമാവാസി തിഥിയാകും. (0° – അമാവാസി, 180° – പൗർണ്ണമി )
ചന്ദ്രനെ സംബന്ധിച്ചിടത്തോളം പക്ഷബലമാണ് ഏറ്റവും പ്രധാനം.
“പക്ഷം ബലം ഹിമകരസ്യ
വിശിഷ്ടമാഹു ”
വെളുത്ത വാവിനോട് അടുക്കുമ്പോൾ ബലം വർദ്ധിക്കുകയും കറുത്തവാവിനോട് അടുക്കുമ്പോൾ ബലം കുറയുകയും ചെയ്യുന്നു എന്നർത്ഥം.
തിഥികൾക്ക് അനുസരിച്ച് മനുഷ്യൻ്റെ മാനസിക അവസ്ഥയ്ക്ക്, (ഉന്മാദത്തിന് ഉൾപ്പെടെ) രോഗങ്ങൾക്ക്, പ്രകൃതിക്ക്, മൃഗങ്ങളിലെ വാസനകൾക്ക് ഒക്കെ മാറ്റം വരുന്നു എന്നത് നിരീക്ഷിച്ചാൽ മനസ്സിലാകും.
“അമാവസ്യോ ചതുർദ്ദശ്യോ
ക്ഷീണഃ ചന്ദ്രോ”
അമാവാസിയിലെയും കൃഷ്ണപക്ഷ ചതുർദ്ദശിയിലേയും (കറുത്ത വാവിൻ്റെ തലേദിവസത്തെ) ചന്ദ്രനാണ് ക്ഷീണചന്ദ്രൻ.
“മൂലം കാലതരോഃ ഹിമരുചിഃ ശാഖാദയാഽന്യഗ്രഹാഃ”
ചന്ദ്രൻ കാലവൃക്ഷത്തിന്റെ മൂടും, മറ്റു ഗ്രഹങ്ങൾ ശാഖകൾ ആണെന്ന് പറയപ്പെടുന്നു. അതിനാൽ തന്നെ ചന്ദ്രൻ ക്ഷീണനായാൽ മറ്റു ഗ്രഹങ്ങളുടെ ഫലദാനശേഷിയേയും അത് ബാധിക്കും എന്നുമുണ്ട്.
“ചാന്ദ്രം വീര്യം വീര്യബീജം ഗ്രഹാണാം”
എല്ലാ ഗ്രഹങ്ങളുടെയും ബലത്തിന്റെ അടിസ്ഥാനം ചന്ദ്രന്റെ ബലമാണ്.
ആ ചന്ദ്രനാണ് ഈ ദിവസം ഒട്ടും ബലമില്ലാതെ നിൽക്കുന്നത്.
•••••••••••••••••••••••••••••••••••••••••••••••••••••••••
ഇത്രയും വായിച്ചതിൽ നിന്നും എന്ത് മനസ്സിലായി.
വ്യാഴം, സൂര്യൻ, ചന്ദ്രൻ എന്നിങ്ങനെ മൂന്നുപേരും ഇക്കാലത്ത് ബലക്ഷയത്തിലാണ്.
“സൂര്യാദാഽത്മ-പിതൃ-പ്രഭാവ-വിരുജാം ശക്തിം ശ്രിയം ചിന്തയേത് ”
– ആത്മാവിന്റെയും പിതാവിൻ്റെയും പൈതൃകത്തിൻ്റെയും ശക്തിയുടെയും ശ്രേയസ്സിൻ്റേയും കാരകൻ സൂര്യനാണ്.
ആ സൂര്യനാണ് ബലം ക്ഷയിച്ചിരിക്കുന്നത്.
“ചേതോ-ബുദ്ധി-നൃപപ്രസാദ-ജനനീ-സമ്പത്ക്കരഃ-ചന്ദ്രമാഃ”
– മനസ്സിന്റെയും അമ്മയുടെയും കാരകനാണ് ചന്ദ്രൻ.
ആ ചന്ദ്രനാണ് ബലഹീനനായി നിൽക്കുന്നത്.
“പ്രജ്ഞാ-വിത്ത-ശരീരപുഷ്ടി-തനയ-ജ്ഞാനാനി വാഗീശ്വരാത് ”
– ബുദ്ധിയുടെയും ജ്ഞാനത്തിന്റെയും സന്താന പരമ്പരയുടെയും കാരകൻ വ്യാഴമാണ്.
ആ വ്യാഴമാണ് ശത്രു ക്ഷേത്ര ഗതനായി ബലക്ഷയം പ്രാപിച്ചത്.
മേൽപ്പറഞ്ഞ മൂന്ന് ഗ്രഹങ്ങളുടെയും കാരകത്വം ഒരിക്കൽ കൂടി ശ്രദ്ധിക്കൂ.
മൂന്നു ഗ്രഹങ്ങൾക്കും യഥാക്രമം ശരീരം – മനസ്സ് – ബുദ്ധി ഇവയുടെ ആധിപത്യമുണ്ട് അഥവാ കാരകത്വം ഉണ്ട്.
അതേ പോലെ ഈ മൂന്നു പേരുമാണ് മാതൃ – പിതൃ – ഗുരു എന്നിങ്ങനെയുള്ള നമ്മുടെ ശ്രേയസ്സ് കാംക്ഷിക്കുന്നവരുടെ , നമുക്ക് വഴികാട്ടി ആയവരുടെ കാരകന്മാർ.
സൂര്യൻ പൂർവ്വിക പരമ്പരയെയും
ചന്ദ്രൻ വർത്തമാനകാലത്തെയും
വ്യാഴം വരുംകാല പരമ്പരയേയും കൂടി സൂചിപ്പിക്കുന്നു.
ഈ മൂന്നു ഗ്രഹങ്ങൾക്കും ഒരേകാലത്ത് ബലക്ഷയം വരുന്നത് നല്ലതല്ല.
അക്കാലത്ത് മറ്റുകാലങ്ങളെ അപേക്ഷിച്ച് ദുരിതാദികൾ ഉണ്ടാവാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
ഇങ്ങനെയുള്ള കാലത്ത് ത്രിവേണി സംഗമത്തിൽ ഈ കുംഭമേള നിശ്ചയിക്കപ്പെട്ടതു തന്നെ (സൂര്യനും ചന്ദ്രനും വ്യാഴവും യഥാക്രമം ഗംഗ – യമുന – സരസ്വതി നദികളുമായും ബന്ധപ്പെട്ട് കിടക്കുന്നു) ആചാര്യമാർ ചില പദ്ധതികൾ / ലക്ഷ്യങ്ങൾ മുന്നിൽ വെച്ചു കൊണ്ടാണ്..
“ദേവബ്രാഹ്മണ വന്ദനാദ്
ഗുരുവചഃ സമ്പാദനാത് പ്രത്യഹം
സാധൂനാമഭിഭാഷണാത് ശ്രുതിരവശ്രേയഃകഥാകർണനാത്
ഹോമാദ്ദധ്വരദർശനാത്
ശുചിമനോഭാവാ ജ്ജപാദ്ദാനതോ നോകുർവന്തി കദാചിദേവ പുരുഷസ്യൈവം ഗ്രഹാ പീഡനം.”
കാലക്കേട് വന്നാൽ എന്തു ചെയ്യണം ?
ദേവന്മാരെയും ബ്രാഹ്മണരെയും വന്ദിക്കുക, ഗുരുക്കന്മാരുടെ വാക്കുകൾ കേൾക്കാനിടയാവുക, സന്യാസിവര്യന്മാരുമായി സമ്പർക്കത്തിൽ ആവുക,
(ശ്രുതിരവോ – വേദധ്വനിഃ.
ശ്രേയഃകഥാ – ഭാരതാദി )
വേദങ്ങൾ, ഭാരതാതി ഇതിഹാസങ്ങൾ എന്നിവ കേൾക്കുക.
(അധ്വരോ യാഗ:) യാഗങ്ങൾ ഹോമങ്ങൾ ഇവ കാണുക.
(ശുചിമനോഭാവേ, നിർദോഷചിത്തത്വാത്. ജപാത് ഗായത്ര്യാദേരിതി ശേഷഃ. ദാനാത് വസ്ത്രാദേഃ, ) മനസ്സ് ശുദ്ധമാക്കി വയ്ക്കുക, ജപിക്കുക, ദാനം ചെയ്യുക…
ഇപ്രകാരമെല്ലാം ഒരിടത്തു തന്നെ ചെയ്യാനുള്ള സംവിധാനം ആവിഷ്കരിക്കലാണ് കുംഭമേള കൊണ്ട് ഉദ്ദേശിക്കുന്നത്.
“നിത്യസ്നാനേനാപി ബൗധായനീയ- സ്നാനാത്ഖേടോക്തൗഷധസ്നാനതശ്ച തീർത്ഥസ്നാനാച്ചോപരാഗവ്യതീപാ- താദ്യേഷു സ്യാത് പീഡനം ന ഗ്രഹാണാം.”
– എന്ന പ്രമാണപ്രകാരം ഗ്രഹഗോചരം പിഴയ്ക്കുന്നതു മൂലമുണ്ടാകുന്ന മഹാപീഡകൾ മാറാൻ, തീർത്ഥ സ്നാനം വിശേഷമായി പറയുന്നു.
ഭാരതത്തിൻ്റെ തൻ്റെ ഇഡാ പിംഗലാ സുഷുമ്ന നാഡികളായ ഗംഗ – യമുന – സരസ്വതി എന്നീ മൂന്ന് പുണ്യ നദികൾ സംഗമിക്കുന്ന ത്രിവേണി സംഗമസ്ഥാനമായ പ്രയാഗ്‌രാജിലെ കുംഭമേളയ്ക്ക് നമ്മൾ ചിന്തിക്കുന്നതിനപ്പുറമുള്ള വൈശിഷ്ട്യമുണ്ട്…
Discussion about this post