പട്ന : ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഗവർണറെ കണ്ട് രാജി സമർപ്പിച്ചു. നിലവിലെ നിയമസഭ പിരിച്ചുവിടാൻ ശുപാർശ ചെയ്യുന്ന മന്ത്രിസഭാ തീരുമാനത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിക്കുന്നതിന്റെ ഭാഗമായാണ് നിതീഷ് കുമാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടത്. ബീഹാറിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നവംബർ 20ന് നടക്കും.
ഇന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന 10 മിനിറ്റ് നീണ്ടുനിന്ന യോഗത്തിൽ വിജയകരവും സമാധാനപരവുമായ തിരഞ്ഞെടുപ്പ് നടത്താൻ സഹായിച്ച എല്ലാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും നന്ദി പറയുന്നതിനുള്ള പ്രത്യേക പ്രമേയം അവതരിപ്പിച്ചു. വൻവിജയം നേടിയതിന് മുഖ്യമന്ത്രിയെ നിതീഷ് കുമാറിനെ മന്ത്രിസഭാ അംഗങ്ങൾ അഭിനന്ദിച്ചു. തുടർന്ന് നിലവിലെ മന്ത്രിസഭ പിരിച്ചുവിടാനുള്ള പ്രമേയം ഏകകണ്ഠമായി പാസാക്കി.
ബീഹാർ രാജ്ഭവനിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിൽ ഇത്തവണ പട്നയിലെ ഗാന്ധി മൈതാനിയിൽ വച്ചാണ് ബീഹാറിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിവിധ കേന്ദ്ര മന്ത്രിമാരും എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉൾപ്പെടെയുള്ളവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. വിശിഷ്ടാതിഥികൾ ഉൾപ്പെടെ ഏകദേശം 5000 ത്തോളം പേർ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷിയാകാൻ എത്തും എന്നാണ് വിവരം.
നവംബർ 20 ന് ഗാന്ധി മൈതാനിയിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് എൻഡിഎ വ്യക്തമാക്കി.









Discussion about this post