മുംബൈ: ഹാസ്യനടൻ കപിൽ ശർമ, നടൻ രാജ്പാൽ യാദവ്, നൃത്തസംവിധായകൻ റെമോ ഡിസൂസ, ഗായികയും ഹാസ്യതാരവുമായ സുഗന്ധ മിശ്ര എന്നിവർക്ക് നേരെ വധഭീഷണി. ഇ-മെിയിൽ സന്ദേശമായാണ് വധഭീഷണി എത്തിയത്. എല്ലാവർക്കും ഒരേ തരത്തിലുള്ള സന്ദേശമാണ് ലഭിച്ചിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.
‘ബിഷ്ണു’ എന്ന പേരിലുള്ള ഇ-മെയിലൂടെയാണ് സന്ദേശമെത്തിയത്. ‘ഞങ്ങൾ നിങ്ങളെ തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഒരു സെൻസിറ്റീവ് വിഷയം നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടോ നിങ്ങളെ ശല്യപ്പെടുത്താനുള്ള ശ്രമമോ അല്ല. ഈ സന്ദേശം അതീവ ഗൗരവത്തോടെയും രഹസ്യാത്മകതയോട് കൂടിയും കൈകാര്യം ചെയ്യണമെന്ന് നിങ്ങളോട് അഭ്യർത്ഥിക്കുന്നു’ എന്നാണ് ഇ-മെയിലിൽ കുറിച്ചിരിക്കുന്നത്.
2024 ഡിസംബർ 14-ന് ആണ് ഇമെയിൽ അയച്ചിരിക്കുന്നത്. പാകിസ്ഥാനിൽ നിന്നാണ് ഇത് അയച്ചതെന്ന് കണ്ടെത്തിയിട്ടുള്ളതായി പോലീസ് പറയുന്നു. എട്ട് മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്നും അല്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും സെലിബ്രിറ്റികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നടൻ രാജ്പാൽ യാദവിന്റെ പരാതിയിൽ മുംബൈയിലെ അംബോലി പോലീസ് ആണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെയാണ് ഭീഷണി സന്ദേശമെത്തിയ സുഗന്ധ മിശ്ര, റെമോ ഡിസൂസ എന്നിവരും പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post