മൈക്രോപ്ലാസ്റ്റിക് കണികകള്‍ മനുഷ്യവംശത്തിന് തന്നെ നാശത്തിന് കാരണമായേക്കാമെന്ന കണ്ടെത്തല്‍ അടുത്തിടെയാണ് പുറത്തുവന്നത്. ആരോഗ്യത്തെ രൂക്ഷമായി ബാധിച്ചേക്കാവുന്ന ഈ പ്രശ്‌നത്തിന് തക്കതായ ഒരു പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. എന്നാല്‍ ഓരോ ദിവസവും ഇതുയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. മണ്ണിലും ജലത്തിലും എന്തിനേറെ വായുവില്‍ പോലും ഈ പ്ലാസ്റ്റിക് കണികകളുടെ സാന്നിധ്യമുണ്ട്. ഇപ്പോഴിതാ പോര്‍ട്ട് ലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ഒരു ഞെട്ടിക്കുന്ന കണ്ടെത്തല്‍ പുറത്തുവിട്ടിരിക്കുകയാണ്. മത്സ്യങ്ങളിലെ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യത്തെക്കുറിച്ച് ഉള്ളതാണിത്. 182 മത്സ്യ ഇനങ്ങളില്‍ അവര്‍ നടത്തിയ പഠനത്തില്‍ 180 എണ്ണത്തിലും ഇതുണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇതില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത് ഫില്‍ട്ടര്‍ ഫീഡറായി വളര്‍ത്തുന്ന പിങ്ക് ചെമ്മീനിലാണ്. ഏറ്റവും കുറവ് ചീനൂക്ക് സാല്‍മണിലും. മലയാളികളുടെ ഇഷ്ടഭക്ഷണമായ മത്തിയിലും മൈക്രോപ്ലാസ്റ്റിക് നിരക്ക് ഉയര്‍ന്ന തരത്തിലാണ്.
മത്തി ചെമ്മീന്‍ പോലുള്ള മത്സ്യങ്ങള്‍ സീപ്ലാങ്ക്ടണ്‍ പോലുള്ള ചെറുജീവികളെയാണ് കഴിക്കുന്നത്. ഇത്തരം പ്ലാങ്ക്ടണ്‍ അടിഞ്ഞു കൂടുന്ന സ്ഥലങ്ങളില്‍ പലപ്പോഴും ഉയര്‍ന്ന പ്ലാസ്റ്റിക് സാന്നിധ്യവും ഉണ്ടായിരിക്കും. ഇതില്‍ നിന്ന് വെള്ളത്തില്‍ ലയിക്കുന്ന പ്ലാസ്റ്റിക് കണികകളെ പ്ലാങ്ക്ടണുകള്‍ കഴിക്കുന്നു. പിന്നീട് ഇവയെ കഴിക്കുക വഴി മത്തിയിലും ചെമ്മീനിലുമൊക്കെ പ്ലാസ്റ്റിക് എത്തിച്ചേരുകയാണ്.
എന്നാല്‍ പട്ടികയിലുള്ള മത്സ്യങ്ങളില്‍ പലതും പ്ലാസ്റ്റിക് വസ്തുക്കളെ ഭക്ഷണമായി തെറ്റിദ്ധരിക്കുന്നു. അവ വയറിലെത്തിച്ചേരുമ്പോള്‍ ശരീരം അവയെ ദഹിപ്പിക്കുന്നതിനുപകരം, ടിഷ്യൂകളിലേക്കും പേശികളിലേക്കും കടത്തിവിടുന്നു.
‘മൈക്രോപ്ലാസ്റ്റിക് ഇത്തരത്തില്‍ കുടലില്‍ നിന്ന് പേശി പോലുള്ള മറ്റ് കലകളിലേക്ക് നീങ്ങുന്നതായി കാണപ്പെടുന്നത് വളരെ ആശങ്കാജനകമാണെന്നാണ് ഗവേഷകരുടെ അഭിപ്രായം.മുന്‍പഠനങ്ങളിലൊന്നും ഇത്തരത്തിലൊരു മാറ്റം കണ്ടെത്തിയിരുന്നില്ല. ഇത് മത്സ്യങ്ങള്‍ക്ക് മാത്രമല്ല ‘മനുഷ്യനുള്‍പ്പെടെയുള്ള മറ്റ് ജീവജാലങ്ങളിലും ബാധകമാണെന്ന് അവര്‍ പറയുന്നു. അങ്ങനെ സംഭവിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണ് ഇത് കാരണമാവുക.
നിലവില്‍ മനുഷ്യരുടെ തലച്ചോറില്‍ വരെ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിക്കഴിഞ്ഞിരിക്കുകയാണ്. ഉയര്‍ന്ന ശക്തിയുള്ള മൈക്രോസ്‌കോപ്പില്‍ പോലും കാണാന്‍ സാധിക്കാത്ത തരത്തിലുള്ളവയായിരുന്നു ഇത് . കരളിലും വൃക്കയിലും ഉള്ളതിനേക്കാള്‍ 30 മടങ്ങാണ് മസ്തിഷ്‌ക സാമ്പിളുകളില്‍ കണ്ടെത്തിയിരിക്കുന്നത്. തലച്ചോറിലേക്കുള്ള ഉയര്‍ന്ന രക്തപ്രവാഹം കാരണമാകാം ഇങ്ങനെ സംഭവിച്ചതെന്ന് ഗവേഷകര്‍ പറയുന്നു. കരളും വൃക്കകളും വിഷവസ്തുക്കളെയും കണികകളെയും നേരിടാന്‍ എപ്പോഴും ഒരുക്കമാണ്്. മറ്റ് അവയവങ്ങളിലെ പോലെ അതേ അളവിലുള്ള സെല്ലുലാര്‍ നവീകരണത്തിന് തലച്ചോര്‍ വിധേയമാകുന്നില്ല. ഇത് മൂലം പ്ലാസ്റ്റിക് ഇവിടെ കൂടുതല്‍ കാലം നില്‍ക്കാന്‍ ഇടയാക്കും. മുമ്പ്
സന്ധികള്‍, കരള്‍, പ്രത്യുല്‍പ്പാദന അവയവങ്ങള്‍, രക്തം, ധമനികള്‍, ഹൃദയം എന്നിവയില്‍ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ട്.
Discussion about this post