വാഷിംഗ്ടൺ : അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരമേറ്റെടുത്തതോടെ കടുത്ത സമ്മർദ്ദത്തിൽ ആയിരിക്കുന്നത് ഗൈനക്കോളജിസ്റ്റുകൾ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ഗർഭിണികളാണ് എത്രയും പെട്ടെന്നുള്ള സിസേറിയൻ ആവശ്യപ്പെട്ട് യുഎസ്സിലെ ഗൈനക്കോളജിസ്റ്റുകൾക്ക് മുൻപിൽ എത്തുന്നത്. അമ്മയുടെയോ കുഞ്ഞിന്റെയോ ആരോഗ്യം പോലും കണക്കിലെടുക്കാതെയുള്ള ഈ ആവശ്യം ഡോക്ടർമാർക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഫെബ്രുവരി 20 മുതൽ ജനനാവകാശ പൗരത്വം അവസാനിപ്പിക്കുന്നതിനുള്ള യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവാണ് ഇതിന് പിന്നിലെ കാരണം. ഫെബ്രുവരി 20ന് ശേഷം അമേരിക്കയിൽ വെച്ച് ജനിക്കുന്ന വിദേശ മാതാപിതാക്കളുടെ കുഞ്ഞുങ്ങൾക്ക് ജനനാവകാശ പൗരത്വം ലഭിക്കില്ല. അതിനാൽ തന്നെ ഫെബ്രുവരി 20ന് മുൻപായി സിസേറിയൻ നടത്തണമെന്നാണ് ഇന്ത്യക്കാർ അടക്കമുള്ള വിദേശ ഗർഭിണികളുടെ ആവശ്യം.
സിസേറിയൻ ആവശ്യപ്പെട്ട് വരുന്ന ഗർഭിണികളിൽ കൂടുതൽ പേർ ഇന്ത്യക്കാർ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 19 വരെ യുഎസിൽ ജനിക്കുന്ന എല്ലാ കുട്ടികൾക്കും അമേരിക്കൻ പൗരത്വം ലഭിക്കുന്നതാണ്. പ്രസിഡൻ്റായി ചുമതലയേറ്റ ഉടൻ ട്രംപ് ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവുകളിലൊന്നാണ് യുഎസിലെ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുക എന്നുള്ളത്. ഇതോടെ ഏഴുമാസം ഗർഭിണിയായ സ്ത്രീകൾ പോലും പെട്ടെന്നുള്ള സിസേറിയനായി തങ്ങളെ സമീപിക്കുന്നു എന്നാണ് അമേരിക്കയിലെ ഗൈനക്കോളജിസ്റ്റുകൾ വ്യക്തമാക്കുന്നത്.
Discussion about this post