ഭോപ്പാൽ : മധ്യപ്രദേശിൽ ഭാഗിക മദ്യനിരോധനം നടപ്പിലാക്കുമെന്ന് മോഹൻ യാദവ് സർക്കാർ. സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും സ്ഥിതിചെയ്യുന്ന 17 നഗരങ്ങളിൽ ആണ് മദ്യനിരോധനം നടപ്പിലാക്കുന്നത്. അടുത്ത സാമ്പത്തിക വർഷം മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.
വ്യാഴാഴ്ച നർസിംഹ്പൂരിൽ നടന്ന പരിപാടിയിൽ വെച്ചായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം. ഏതൊക്കെ നഗരങ്ങളിലാണ് മദ്യനിരോധനം എന്നുള്ള കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഉജ്ജയിൻ, ഓർക്കാ, മണ്ഡല, മഹേശ്വർ, ദാതിയ, ഓംകാരേശ്വർ, മുൽതായ്, ജബൽപൂർ, നൽഖേഡ, സൽകാൻപൂർ, ചിത്രകൂട്, മന്ദ്‌സൗർ, മൈഹാർ, ബർമാൻ ഘട്ട്, പന്ന, കുൽഡ്, സാഞ്ചി എന്നീ മതപ്രാധാന്യമുള്ള നഗരങ്ങളിൽ ആയിരിക്കും മദ്യനിരോധനം ഏർപ്പെടുത്തുക എന്നാണ് സൂചന.
സമൂഹത്തിൽ ലഹരി ഉപയോഗം മൂലം കുടുംബങ്ങൾ തകരുകയാണെന്ന് മോഹൻ യാദവ് തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി. ഇതിനാൽ തന്നെ മധ്യപ്രദേശിലെ മദ്യനിരോധനത്തിന്റെ ആദ്യഘട്ടമായി പ്രമുഖ ക്ഷേത്ര നഗരങ്ങളിൽ സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തുകയാണെന്നും അദ്ദേഹം അറിയിച്ചു. ഏപ്രിൽ ഒന്നു മുതൽ ഈ നിരോധന ഉത്തരവ് നിലവിൽ വരുമെന്നാണ് കരുതുന്നത്. നിലവിൽ പ്രവർത്തിക്കുന്ന കടകൾ നടപ്പു സാമ്പത്തിക വർഷം വരെ പഴയ എക്സൈസ് നയത്തിൽ തന്നെ പ്രവർത്തിക്കുമെന്നാണ് ജില്ലാ ഭരണകൂടങ്ങൾ വ്യക്തമാക്കുന്നത്.
Discussion about this post