കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു (19) കൊല്ലപ്പെട്ട കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ പ്രതികളായകേസിൽ പ്രോസിക്യൂഷന്‍റെ പ്രാഥമിക വാദമാണ് ഇന്ന് തുടങ്ങുക. ഇക്കഴിഞ്ഞ ഒക്ടോബറില്‍ പ്രാരംഭവാദം തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ പുനസൃഷ്ടിച്ച രേഖകള്‍ലഭ്യമാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടതോടെ കേസ് മാറ്റിവയ്ക്കുകയായിരുന്നു.
കേസിലെ സാക്ഷികളായ 25 വിദ്യാർത്ഥികളും പഠനം കഴിഞ്ഞ് മഹാരാജാസ് കോളേജ് വിട്ടു. ഉപരിപഠനത്തിനും ജോലിക്കുമായി ചിലർ വിദേശത്തേക്കും പോയി. വിചാരണ തുടങ്ങുമ്പോൾഇവർക്ക് സമൻസ് നൽകി വിളിച്ചു വരുത്തുന്നതിൽ കാലതാമസം ഇനിയും നേരിട്ടേക്കാം.
കേസിൽ വിചാരണ അകാരണമായി നീണ്ട് പോകുന്നതിനെതിരെ അഭിമന്യുവിന്റെ അമ്മ ഭൂപതിഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് അമ്മ ഭൂപതിനൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
2018 ജൂലായ് രണ്ടിന് അർദ്ധരാത്രിയിലാണ് രണ്ടാം വർഷ ബി.എസ്‌സി കെമിസ്ട്രി വിദ്യാർത്ഥിയുംഇടുക്കി വട്ടവട സ്വദേശിയുമായ അഭിമന്യു കൊല്ലപ്പെട്ടത്. ക്യാമ്പസ് ഫ്രണ്ടിന്റെ ചുവരെഴുത്തിനുമുകളിൽ ‘വർഗീയത തുലയട്ടെ” എന്ന് എഴുതിയതാണ് അരുംകൊലയിൽ കലാശിച്ചത്.











