പ്രയാഗ്‌രാജ്: ആത്മീയ സംഗമമായ മഹാകുംഭമേളയില്‍ അഭൂതപൂർവമായ ഭക്തജനത്തിരക്കിന് ആണ് സാക്ഷ്യം വഹിക്കുന്നത്. 10 കോടിയിലധികം ആളുകൾ ഗംഗ, യമുന, സരസ്വതി എന്നിവയുടെ പുണ്യസംഗമത്തിൽ പുണ്യസ്നാനം നടത്തി. ഈ മഹാകുംഭമേളയില്‍ 45 കോടിയിലധികം തീര്‍ത്ഥാടകര്‍ എത്തുമെന്നാണ് സംസ്ഥാന സർക്കാർ കണക്കാക്കുന്നത്. വ്യാഴാഴ്ച മാത്രം, 30 ലക്ഷം ഭക്തർ പങ്കെടുത്തു.
ജനുവരി 14-ന് മകരസംക്രാന്തി ദിനത്തിൽ 3.5 കോടി ഭക്തരും ജനുവരി 13-ന് പൗഷ് പൂർണിമ സ്‌നാനത്തിൽ 1.7 കോടി ഭക്തരും സ്നാനം നടത്തി. വിവിധ ജാതി, മത വിഭാഗങ്ങളിൽ നിന്നുള്ള ഭക്തർ എന്ന നിലയിൽ ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്‌കാരിക വിസ്മയം പ്രകടമാക്കുന്ന ചടുലമായ സംഗമ പ്രദേശമായി പ്രയാഗ്‌രാജ് മാറി.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തിയിരുന്നു. ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പതക്, മറ്റ് കാബിനറ്റ് മന്ത്രിമാരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. ത്രിവേണി സംഗമത്തിൽ മുങ്ങുന്നതിന്റെയും ആരധി നടത്തുന്നതിന്റെയും ദൃശ്യങ്ങൾ യോഗിയുടെ എക്‌സ് അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു.
ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയും കുടുംബവും മഹാകുംഭമേളയിൽ പങ്കെടുത്തിരുന്നു. സംഗമസ്ഥാനത്ത് അദ്ദേഹം ഗംഗാ ആരതി നടത്തുകയും ബഡേ ഹനുമാൻ ക്ഷേത്രം സന്ദർശിക്കുകയും ചെയ്തു. ഭാര്യ പ്രീതി അദാനി, മകൻ കരൺ, അദ്ദേഹത്തിന്റെ ഭാര്യ പരിധി, ഇളയ മകൻ ജീത് എന്നിവർക്കൊപ്പമാണ് ഗൗതം അദാനി ഗംഗാ ആരതിയിൽ പങ്കുകൊണ്ടത്.
Discussion about this post