ശ്രീനഗർ: ജമ്മു കശ്മീരിൽ ആശങ്കവിതച്ച് അജ്ഞാതരോഗം പടർന്നുപിടിക്കുന്നതായി റിപ്പോർട്ട്. രജൗരി ജില്ലയിലെ ബാദൽ ഗ്രാമത്തിൽ ദുരൂഹരോഗം ബാധിച്ചുള്ള മരണങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശവാസികളെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. 500ഓളം പ്രദേശവാസികളെ സർക്കാരിന്റെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായാണ് വിവരം.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്നാണ് പ്രദേശവാസികളെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഗ്രാമത്തിലെ എല്ലാവരെയും മാറ്റി പാർപ്പിക്കുന്നില്ലെന്ന് എംഎൽഎ ജാവേദ് ഇഖ്ബാൽ. അസുഖബാധിതരായവരുടെ കുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും മാത്രമാണ് ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതെന്നും അവരുടെ സുരക്ഷയെ കണക്കിലെടുത്താണ് മാറ്റിപാർപ്പിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ജിഎംസി രജൗരി, പഴയ ആശുപത്രി രജൗരി, നഴ്സിംഗ് കോളജ് രജൗരി, ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കാണ് ഇവരെ മാറ്റിയത്. ഇവർക്ക് ആവശ്യമായ പരിശോധനകൾ, ഭക്ഷണം, ഉൾപ്പെടെ താമസത്തിനുള്ള ക്രമീകരണങ്ങൾ അടക്കം സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്.
ഗ്രാമത്തെ രജൗരി ജില്ലാ കലക്ടർ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഡിസംബർ 7 മുതലാണ് പ്രദേശത്ത് അജ്ഞാതരോഗം പടർന്നുപിടിച്ചു തുടങ്ങിയത്. പ്രദേശത്ത് 17 ദുരൂഹമരങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 11 പേർ ചികിത്സയിലുണ്ട്. ഡിസംബർ 2 ന് ഫസൽ ഹുസൈൻ എന്നയാളുടെ വീട്ടിൽ വിവാഹ വിരുന്ന് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രോഗബാധ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. രോഗം ബാധിച്ച് അഞ്ച് ദിവസത്തിനുള്ളിൽ ഫസലും നാല് പെൺമക്കളും മരിച്ചു. പിന്നാലെ മറ്റ് രണ്ട് കുടുംബങ്ങളിൽ കൂടി രോഗബാധ റിപ്പോർട്ട് ചെയ്തു. ഈ രണ്ട് കുടുംബങ്ങളിൽ നിന്നുമായി പതിനൊ്‌നന് പേരാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Discussion about this post