ന്യൂഡൽഹി : റിപ്പബ്ലിക് ദിന പരേഡിൽ എൻസിസി പെൺകുട്ടികളുടെ സംഘത്തെ നയിക്കാൻ ജമ്മു കശ്മീരിൽ നിന്ന് ആദ്യമായി ഒരു പെൺകുട്ടി. എൻസിസി കേഡറ്റ് ഏകതാ കുമാരിയാണ് എൻസിസി പെൺകുട്ടികളുടെ സംഘത്തെ നയിക്കാൻ എത്തുന്നത്. എൻസിസിയുടെ ആദ്യ ജമ്മു കശ്മീർ നേവൽ യൂണിറ്റിലെ പ്രമുഖ കേഡറ്റും ഗാന്ധി നഗർ സർക്കാർ വനിതാ കോളേജിലെ ബിഎസ്സി വിദ്യാർത്ഥിനിയുമാണ് ഏകതാ കുമാരി . ജമ്മു ജില്ലയിലെ അഖ്‌നൂർ സ്വദേശിയാണ് ഏകതാ കുമാരി .
ഈ നാഴികക്കല്ല് ജമ്മു, കാശ്മീർ, ലഡാക്ക് എന്നിവയ്ക്ക് വളരെയധികം അഭിമാനമാണ് എന്ന് ഡിഫൻസ് പിആർഒ ലെഫ്റ്റനന്റ് കേണൽ സുനീൽ ബർട്ട്വാൾ പറഞ്ഞു. 12 ജമ്മു കശ്മീർ (ജെഎകെ) ലൈറ്റ് ഇൻഫൻട്രിയിൽ നിന്ന് വിരമിച്ച സൈനികനായ പിതാവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രാജ്യത്തെ സേവിക്കാനുള്ള സ്വപ്നം അവളുടെ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ ഉയർന്ന് വന്നത്. അഖ്നൂരിലെ ആർമി പബ്ലിക് സ്‌കൂളിൽ നിന്നാണ് വിദ്യാഭ്യാസ യാത്ര ആരംഭിച്ചത്. സായുധ സേനയോടുള്ള അവളുടെ അഭിനിവേശമാണ് കോളേജ് പഠനകാലത്ത് എൻസിസിയിൽ ചേരാൻ പ്രേരിപ്പിച്ചത് എന്ന് സുനീൽ ബർട്ട്വാൾ പറഞ്ഞു. സാമൂഹിക പ്രവർത്തനങ്ങളിലും സാഹസിക പ്രവർത്തനങ്ങളിലും മികവ് പുലർത്തിയ ഏകതയുടെ നിശ്ചയദാർഢ്യവും മികവിനോടുള്ള പ്രതിബദ്ധതയും എൻസിസിയിലെ ആദ്യ വർഷം മുതൽ പ്രകടമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവളുടെ അസാധാരണമായ നേട്ടം ജമ്മു കശ്മീരിൽ നിന്നുള്ള യുവാക്കളുടെ കഴിവുകൾ ഉയർത്തിക്കാട്ടുക മാത്രമല്ല, നിശ്ചയദാർഢ്യത്തോടെയും കഠിനാധ്വാനത്തോടെയും അവരുടെ സ്വപ്നങ്ങൾ പിന്തുടരുന്നതിന് മറ്റുള്ളവർക്ക് പ്രചോദനമാകുകയും ചെയ്യുന്നു എന്ന് സുനീൽ ബർട്ട്വാൾ പറഞ്ഞു.
‘കർത്തവ്യ പാതയിലെ അഖിലേന്ത്യാ പെൺകുട്ടികളുടെ സംഘത്തിന്റെ പരേഡ് കമാൻഡറാകുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണ്. ഈ വിജയം എന്റെ കുടുംബത്തിനും എന്റെ യൂണിറ്റിനും ജമ്മു, കാശ്മീർ, ലഡാക്ക് മേഖലകൾക്കെല്ലാം അവകാശപ്പെട്ടതാണ് എന്ന് ഏക്ത പറഞ്ഞു. തന്റെ കഴിവുകൾ രൂപപ്പെടുത്തിയതിന് നഗ്രോട്ട എൻസിസി ക്യാമ്പിലെ ലെഫ്റ്റനന്റ് കേണൽ അഭിജിത്ത്, ഡ്രിൽ ഉസ്താദ് ജസ്വീന്ദർ എന്നിവരോടും ടീമിനോടും നന്ദി പറയുകയാണ് എന്ന് ഏക്ത കൂട്ടിച്ചേർത്തു .
Discussion about this post