ന്യൂഡൽഹി : ഇന്ത്യ അനധികൃത കുടിയേറ്റത്തിന് എതിരാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രൺധീർ ജയ്സ്വാൾ. മതിയായ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരെ അവരുടെ പൗരത്വ രേഖകൾ നൽകിയാൽ തിരികെ കൊണ്ടുവരുമെന്ന് രൺധീർ ജയ്സ്വാൾ പറഞ്ഞു.
‘അനധികൃത കുടിയേറ്റവും വ്യാപാരവും രണ്ട് വ്യത്യസ്ത വിഷയങ്ങളാണ്. അനധികൃത കുടിയേറ്റത്തെക്കുറിച്ചുള്ള ഞങ്ങളുടെ സമീപനവും നയവും നിലപാടും വളരെ വ്യക്തമാണ്. ഞങ്ങൾ അനധികൃത കുടിയേറ്റത്തിന് എതിരാണ്, സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതാണ് അനധികൃത കുടിയേറ്റം . യുഎസിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള ചർച്ചകൾ ഇന്ത്യയുടെ വാണിജ്യ, വ്യാവസായിക ബന്ധങ്ങളെ ബാധിക്കുമോയെന്നുള്ള ചോദ്യത്തിനാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കയിൽ മതിയായ രേഖകളില്ലാതെ താമസിക്കുന്ന എല്ലാ പൗരന്മാരെയും തിരിച്ചു വിളിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അനധികൃതമായി താമസിക്കുന്ന 1.45 ദശലക്ഷം ആളുകളുടെ പേരുള്ള പട്ടികയാണ് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടിക പ്രകാരം 18,000 ഇന്ത്യക്കാരാണ് രേഖകളില്ലാതെ യുഎസിൽ കഴിയുന്നത്. ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് അമേരിക്ക നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യ-യുഎസ് സഹകരണത്തിന്റെ ഭാഗമായി അനധികൃത കുടിയേറ്റം തടയുന്നതിനുളള ശ്രമങ്ങൾ നടക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചിട്ടുണ്ട്.
Discussion about this post