ചെന്നൈ : നടൻ വിജയിനെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തേയും പരിഹസിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇന്നലെ പാര്‍ട്ടിയുണ്ടാക്കിയ ചിലർ നാളെ മുഖ്യമന്ത്രിയാകാമെന്നാണ് കരുതുന്നത് എന്നാണ് ആരുടെയും പേരെടുത്ത് പറയാതെ സ്റ്റാലിൻ പരിഹസിച്ചത്.
ഇത്തരം ഷോകൾക്ക് മറുപടി പറഞ്ഞ് സമയം കളയുന്നില്ല എന്നും സ്റ്റാലിന്‍ പറഞ്ഞു.
വെള്ളിയാഴ്ച അണ്ണാ അറിവാലയത്തില്‍ നടന്ന പരിപാടിയില്‍ മറ്റ് പാര്‍ട്ടികള്‍ വിട്ട് ഡിഎംകെയില്‍ ചേര്‍ന്ന പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍. “ഒരു പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുന്നതിന്റെ ലക്ഷ്യം ജനസേവനമല്ല മറിച്ച് അധികാരം പിടിക്കലാണ്. ഡിഎംകെ ഇന്നലെ മുളച്ച കൂണ്‍ അല്ല. ഞങ്ങള്‍ ഈ പാര്‍ട്ടി രൂപീകരിച്ചത് 1949ലാണ്. 1957ലാണ് ഞങ്ങള്‍ ഒരു തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ ഇപ്പോള്‍ ചിലര്‍ പാര്‍ട്ടി രൂപീകരിച്ചയുടന്‍ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ് നടക്കുകയാണ് ” എന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു.
ഒരു പാര്‍ട്ടിയുടേയോ നേതാവിന്റേയോ പേര് എടുത്ത് പറയാത്തത് അവര്‍ക്ക് ഒരു മേല്‍വിലാസം നല്‍കാന്‍ താന്‍ ആഗ്രഹിക്കാത്തതുകൊണ്ടാണെന്നും സ്റ്റാലിന്‍ പരിഹസിച്ചു. ദ്രാവിഡ പ്രത്യയശാസ്ത്രത്തിനെതിരെ നിരവധി ആക്രമണങ്ങളാണ് വിവിധ കോണുകളില്‍ നിന്ന് നടക്കുന്നത്. ഗവര്‍ണര്‍ ഉള്‍പ്പെടെ അതിനാണ് ശ്രമിക്കുന്നത് എന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.
Discussion about this post