ആലപ്പുഴ : ആലപ്പുഴ ചേർത്തല മായിത്തറയിൽ 12 വയസ്സുകാരൻ ഓടിച്ച പിക്കപ്പ് വാൻ കസ്റ്റഡിയിലെടുത്ത് മോട്ടോർ വാഹന വകുപ്പ്. രാജസ്ഥാൻ സ്വദേശികളുടെ പിക്കപ്പ് വാൻ ആണ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. എം വി ഡി വാഹനം തടഞ്ഞതോടെ 12 വയസ്സുകാരനായ കുട്ടി ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
വാഹനത്തിന്റെ താക്കോലും എടുത്ത് 12 വയസ്സുകാരൻ ഓടിയതോടെ പോലീസ് ക്രെയിൻ ഉപയോഗിച്ച് പിക്കപ്പ് വാൻ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. രാജസ്ഥാനിൽ നിന്നും കച്ചവടത്തിനായി കേരളത്തിൽ എത്തിയ സംഘത്തിന്റേതാണ് വാൻ. എം വി ഡി അറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു.
പരിശോധനയിൽ വാഹനം നികുതി അടച്ചിട്ടില്ല എന്നുള്ളതും വ്യക്തമായിട്ടുണ്ട്. പിക്കപ്പ് വാനിൽ ഉയരത്തിൽ ടാര്‍പോളിൻ കെട്ടി കച്ചവടത്തിനുള്ള സാധനങ്ങൾ സൂക്ഷിച്ച നിലയിൽ ആയിരുന്നു. അനുവദനീയമായതിലും കൂടുതൽ ഉയരത്തിൽ പിന്നിൽ കമ്പി ഉപയോഗിച്ച് അതിലേക്ക് ടാര്‍പോളിൻ വലിച്ചുകെട്ടിയുള്ള വാഹനം റോഡിലൂടെ പോകുന്നത് കണ്ട ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. ആ സമയത്താണ് വാഹനം ഓടിച്ചിരുന്നത് 12 വയസ്സുകാരനായ കുട്ടിയാണെന്ന് കണ്ടെത്തിയത്.
Discussion about this post