കാബൂള്‍: ലോകത്തുനിന്ന് തുടച്ചുനീക്കിയെന്ന് കരുതിയിരുന്ന് പോളിയോ രോഗം അഫ്ഗാനിസ്താനിലും പാകിസ്താനിലും പടരുന്നതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്താനിലെ ആരോഗ്യമേഖലയില്‍ താലിബാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണം വാക്സിനേഷനുണ്ടാക്കിയ തിരിച്ചടിയാണ് പോളിയോ തിരിച്ചുവരാനുള്ള പ്രധാനകാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
അഫ്ഗാനിസ്താന് പുറമെ പാകിസ്താനിലെ അഫ്ഗാന്‍ അതിര്‍ത്തിപ്രദേശത്തോട് ചേര്‍ന്ന ജില്ലകളില്‍ രോഗികള്‍ വര്‍ധിച്ചതോടെ ഇത് മറ്റ് ജില്ലകളിലേക്കും വ്യാപിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
2023 ല്‍ മഹാപോളിയോ യജ്ഞത്തിലൂടെ ആറ് രോഗികള്‍ എന്ന നിലയിലേക്ക് പാകിസ്താന് പോളിയോബാധികരുടെ എണ്ണം കുറയ്ക്കാന്‍ കഴിഞ്ഞിരുന്നുവെങ്കിലും 2024 ല്‍ 74 പേരായി രോഗികളുടെ എണ്ണം വര്‍ധിച്ചു. ഇതിന് പ്രധാന കാരണമായി പറയുന്നത് നിയന്ത്രണങ്ങളും ആവശ്യത്തിന് ആരോഗ്യ വിദഗ്ധരില്ലാത്തതുമാണ്.
2021 ല്‍ താലിബാന്‍ അഫ്ഗാന്റെ നിയന്ത്രണമേറ്റെടുത്ത ശേഷം ജനങ്ങള്‍ വാക്സിന്‍ സ്വീകരിക്കാന്‍ താത്പര്യമില്ലായ്മ കാണിക്കുന്നുണ്ട്, ഇതിന് പുറമെ പ്രാദേശിക അരക്ഷിതാവസ്ഥയും ക്യാമ്പുകളും ബോധവത്കരണ പരിപാടികളും മുന്നോട്ടുകൊണ്ടുപോവുന്നതിന് തടസ്സമാകുന്നുണ്ടെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. വനിതാ ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം താലിബാന്‍ നിയന്ത്രണമേര്‍പ്പെടുത്തിയതും തിരിച്ചടിയായിട്ടുണ്ട്.
Discussion about this post