തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടികള്‍ക്ക് ആശുപത്രിയില്‍ നിന്നും ആരോഗ്യപ്രശ്നങ്ങളുണ്ടായെന്ന് പരാതി. പല സമയങ്ങളിലായി ചികിത്സയ്ക്കെത്തിയ എട്ടു കുട്ടികള്‍ക്കാണ് വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടത്.
കുട്ടികള്‍ക്ക് ഒ.ആര്‍.എസ് കലക്കി നല്‍കുന്നത് വൃത്തിയില്ലാത്ത പാത്രത്തിലാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അത്തരത്തിലുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ കഴിച്ച ഭക്ഷണമാണ് ഇതിന് കാരണമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
സംഭവത്തെക്കുറിച്ച് വെള്ളിയാഴ്ച രാത്രി തന്നെ ഡ്യൂട്ടിയിലുണ്ടായ നഴ്സിനെ മാതാപിതാക്കള്‍ വിവരം അറിയിച്ചിരുന്നു. എന്നാല്‍ നാളെ നോക്കാമെന്നാണ് അവര്‍ മറുപടി നല്‍കിയതെന്നും കുട്ടികളെ ശ്രദ്ധിച്ചില്ലെന്നും പരാതിയുയര്‍ന്നിട്ടുണ്ട്. ശേഷം ശനിയാഴ്ചയാണ് കുട്ടികള്‍ക്ക് ചികിത്സ ലഭിച്ചതെന്നും മാതാപിതാക്കള്‍ പറയുന്നു.
അതേസമയം, കുട്ടികളിലാരും വയറിളക്ക രോഗങ്ങളുമായി ആശുപത്രിയിലെത്തിയവരല്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ് പറയുന്നു. കുട്ടികളുടെ വാര്‍ഡില്‍ പ്രവേശിപ്പിച്ച എട്ടു കുട്ടികളില്‍ ആറുകുട്ടികള്‍ക്ക് ഛര്‍ദ്ദിയും രണ്ടു കുട്ടികള്‍ക്ക് വയറിളക്കവുമുണ്ടായി. ശ്വാസംതടസം, പനി, ചുമ തുടങ്ങിയ പ്രശ്നങ്ങളുമായി ആശുപത്രിയിലെത്തിയവരാണ് ഇവര്‍. അവരാരും വയറിളക്കരോഗവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരോ ഒ.ആര്‍.എസ് കുടിച്ചവരോ അല്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post