വയനാട്: പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവ ചത്തത് മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് എന്ന് സൂചന. കടുവയുടെ ശരീരത്തിലുള്ള മുറിവുകൾക്ക് കാലപ്പഴക്കം ഉണ്ടെന്നാണ് വനംവകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയ വ്യക്തമാക്കുന്നത്. കടുവയുടെ മരണകാരം വ്യക്തമാകണം എങ്കിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരേണ്ടതുണ്ട്.
ഇന്നലെ രാത്രി 12.30 ന് കടുവയെ ജനവാസ മേഖലയിൽ കണ്ടതായി വിവരം ലഭിച്ചിരുന്നുവെന്ന് അരുൺ സക്കറിയ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ അർദ്ധരാത്രി 2.30 വരെ കടുവയെ നിരീക്ഷിച്ചിരുന്നു. എന്നാൽ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് രാവിലെ 6.30 ന് ആണ് കടുവയുടെ ജഡം ലഭിച്ചത്.
ഒരു വീടിന്റെ അരികിൽ ആയിട്ടായിരുന്നു കടുവയുടെ ജഡം കിടന്നിരുന്നത്. മറ്റൊരു കടുവയുമായി നരഭോജി കടുവ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ സാരമായ പരിക്കും ഉണ്ട്. ഇതാണ് മരണത്തിന് കാരണം ആയതെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയോടെയാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ഇന്നലെ രാത്രി മുഴുവൻ വനംവകുപ്പ് കടുവയ്ക്കായി തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെയായിരുന്നു കടുവയെ കണ്ടത്.
Discussion about this post