റെയോഡി ജനീറോ: അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട കുടിയേറ്റക്കാരെ കൈവിലങ്ങണിയിച്ച് വിമാനത്തില്‍ എത്തിച്ചതിനെതിരെ ബ്രസീല്‍ സര്‍ക്കാര്‍. ഭരണകൂടത്തോട് വിശദീകരണം ആവശ്യപ്പെടാനാണ് തീരുമാനം. കുടിയേറ്റക്കാരോടുള്ള പെരുമാറ്റം മനുഷ്യാവകാശ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ട്രംപ് അധികാരമേറ്റതിന് പിന്നാലെ ഗ്വാട്ടിമാല, ബ്രസീല്‍ തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരുമായി സൈനിക വിമാനങ്ങള്‍ എത്തുകയാണ്. അതുപോലെ ഒരു വിമാനം ബ്രസീലിലെ മനൗസില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ വിമാനത്തിലുണ്ടായിരുന്ന 88 പേരുടെ കൈകളില്‍ വിലങ്ങണിയിച്ചിരുന്നു. ഉടന്‍ കൈവിലങ്ങുകള്‍ നീക്കം ചെയ്യാന്‍ യുഎസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
. ‘വിമാനത്തില്‍, അവര്‍ ഞങ്ങള്‍ക്ക് വെള്ളം നല്‍കിയില്ല. ഞങ്ങളുടെ കൈകാലുകള്‍ കെട്ടിയിരിക്കുകയായിരുന്നു. അവര്‍ ബാത്ത്‌റൂമിലേക്ക് പോകാന്‍ പോലും അനുവദിച്ചില്ല. സാങ്കേതിക തകരാര്‍ കാരണം നാല് മണിക്കൂര്‍ വിമാനത്തില്‍ എസിയില്ലായിരുന്നു. ചിലര്‍ ബോധംകെട്ടുവീണു’- വിമാനത്തില്‍ ഉണ്ടായിരുന്ന എഡ്ഗര്‍ ഡ സില്‍വ മൗറ, ലൂയിസ് അന്റോണിയോ റോഡ്രിഗസ് സാന്റോസ് എന്നീ ബ്രസീലുകാര്‍ പറഞ്ഞു.
കുടിയേറ്റക്കാരെ കുറ്റവാളികളായാണ് കാണുന്നതെന്ന് തിരിച്ചെത്തിയവര്‍ പറയുന്നു. വിമാനം സാങ്കേതിക തകരാര്‍ മൂലം മനൗസില്‍ ലാന്‍ഡ് ചെയ്യാന്‍ നിര്‍ബന്ധിതമായി. ബ്രസീലിലെ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്ത ദൃശ്യങ്ങളില്‍ വിമാനത്തില്‍ നിന്ന് ആളുകള്‍ കൈവിലങ്ങുമായി ഇറങ്ങുന്നത് കാണാം.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ കണക്ക് പ്രകാരം, അമേരിക്കയില്‍11 ദശലക്ഷം അനധികൃത കുടിയേറ്റക്കാരുണ്ട്.
Discussion about this post