ലഖ്‌നൌ: മഹാകുംഭമേളയ്ക്കിടെ ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലേക്ക് ഉയര്‍ന്ന വിമാന നിരക്ക് ഈടാക്കുന്നുവെന്ന് വ്യാപക പരാതി ഉയരുന്നതിനിടെ വിമാന കമ്പനികളോട് വിശദീകരണം തേടി ഡിജിസിഎ. 50,000 രൂപ വരെ അധികമായി ഈടാക്കുന്നുണ്ടെന്ന പരാതിയിലാണ് ഇടപെടല്‍. ഇതോടെ വിമാന നിരക്ക് ഏകീകരിക്കാന്‍ നിര്‍ദേശം നല്‍കി.
പ്രയാഗ്രാജിലേക്കുള്ള വിമാന നിരക്ക് 600 ശതമാനത്തോളം ഉയര്‍ത്തിയെന്നാണ് പരാതി. ഏറ്റവും പ്രധാനപ്പെട്ട സ്‌നാന ദിവസമായ മൗനി അമാവാസി ജനുവരി 29നാണ്. അതുകൊണ്ടുതന്നെ നിരവധി പേര്‍ പ്രയാഗ്‌രാജിലേക്ക് വിമാന ടിക്കറ്റ് എടുക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൊള്ള.
ഇന്നത്തെ കണക്ക് പ്രകാരം ഡല്‍ഹി – പ്രയാഗ്രാജ് വണ്‍വേ ടിക്കറ്റിന് 21,000 രൂപയിലധികം നല്‍കണം. മുംബൈയില്‍ നിന്നുള്ള യാത്രയ്ക്ക് 22,000 മുതല്‍ 60,000 വരെയാണ് നിരക്ക്. ബംഗളൂരുവില്‍ നിന്ന് വരുന്നവര്‍ 26,000 രൂപ മുതല്‍ 48,000 രൂപ വരെ ചെലവാക്കണം പ്രയാഗ്‌രാജിലെത്താന്‍. എന്നാല്‍ സാധാരണ ദിവസങ്ങളില്‍ 5000 രൂപയാണ് പ്രയാഗ്‌രാജിലേക്കുള്ള നിരക്ക്.
നിരക്ക് യുക്തിസഹമായിരിക്കണമെന്ന് ഡിജിസിഎ നിര്‍ദേശം നല്‍കി. മഹാ കുംഭമേള പ്രമാണിച്ച് ഡിജിസിഎ ജനുവരിയില്‍ 81 അധിക വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു.
Discussion about this post