പാലക്കാട്: ജാമ്യം ലഭിച്ച് തിരികെ എത്തിയ ചെന്താമരയെ ഭയമായിരുന്നു നാട്ടുകാർ. ചെന്താമര ആക്രമിക്കുമോയെന്ന് ഭയന്നിരുന്നു. അതുകൊണ്ട് തന്നെ പകൽ സമയങ്ങളിൽ വീടിന് പുറത്തേയ്ക്ക് ഇറങ്ങിയിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. പോലീസുകാർക്ക് പോലും ഇയാളെ ഭയമായിരുന്നുവെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു.
ചെന്താമര എത്തിയതോടെ വീണ്ടും കൊലകൾ ഉണ്ടാകുമെന്ന് ഭയന്നിരുന്നു. അത് പോലെ തന്നെ സംഭവിച്ചത്. പ്രത്യേക മാനസികാവസ്ഥയാണ് അയാളുടേത്. ആരെയും എന്തും ചെയ്യാം. അതുകൊണ്ട് തന്നെ ഇയാളുടെ ആക്രമണം ഭയന്ന് ആരും പുറത്തിറങ്ങിയിരുന്നില്ല. രാത്രി കാലങ്ങളിലാണ് ചെന്താമര പുറത്തേയ്ക്ക് ഇറങ്ങുക. പോലീസിന് പോലും ഇയാളെ ഭയമാണ്.
അന്ധവിശ്വാസിയാണ് ചെന്താമര. ലഭിക്കുന്ന പണത്തിൽ ഏറെയും ഇയാൾ ഉപയോഗിക്കുന്ന മന്ത്രവാദത്തിനായാണ്. ഭാര്യയുടെ ആഭരണങ്ങൾ പോലും പണയപ്പെടുത്തി ഇയാൾ മന്ത്രവാദം ചെയ്തിരുന്നു. ഇതിന്റെ പേരിൽ എന്നും ഭാര്യയുമായി ഇയാൾ വഴക്കിടാറുണ്ടായിരുന്നു. ഇയാൾക്കൊപ്പമുള്ള ജീവിതം ദുസ്സഹമായതേടെയാണ് ഭാര്യ പിണങ്ങി പോയത്.
എന്നാൽ അതിന് കാരണം നീളമുള്ള മുടിയുള്ള സ്ത്രീ ആണെന്ന് ആയിരുന്നു ജോത്സ്യൻ ചെന്താമരയോട് പറഞ്ഞത്. ഇതേ തുടർന്ന് അയൽക്കാരിയായ സജിതയെ കൊലപ്പെടുത്തുകയായിരുന്നു. സജിതയെ കൊന്ന ശേഷം ഇയാൾ പൊന്തക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. ഇക്കുറിയും ഇയാൾ സമാന രീതിയിൽ ഏതെങ്കിലും പൊന്തക്കാട്ടിൽ ഒളിച്ചിരിക്കുന്നുണ്ടാകാം എന്നും നാട്ടുകാർ പറയുന്നു.
അതേസമയം ചെന്താമരയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. നാല് സംഘങ്ങളായി തിരിഞ്ഞാണ് ചെന്താമരയ്ക്ക് വേണ്ടി തിരച്ചിൽ നടത്തുന്നത്. സംഭവത്തിൽ പോലീസിനെതിരെ നാട്ടുകാരുടെ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. പോലീസിന്റെ വീഴ്ചയാണ് തുടർ കൊലകൾക്ക് കാരണം ആയതെന്നാണ് ആക്ഷേപം.
Discussion about this post