വാഷിങ്ടണ്‍: ഇന്ത്യക്കാരുടെ അനധികൃത കുടിയേറ്റ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശരിയായ തീരുമാനമെടുക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ ഈ വിഷയം മോദിയുമായി സംസാരിച്ചതായും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തിങ്കളാഴ്ച നടത്തിയ സംഭാഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെയ്ക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ഫെബ്രുവരിയില്‍ മോദി യു.എസ് സന്ദര്‍ശിച്ചേക്കുമെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ”തിങ്കളാഴ്ച രാവിലെ അദ്ദേഹവുമായി വളരെ നേരം സംസാരിച്ചു. ഫെബ്രുവരിയില്‍ അദ്ദേഹം നേരിട്ട് വൈറ്റ് ഹൗസ് സന്ദര്‍ശിച്ചേക്കും. ഇന്ത്യയുമായി വളരെ അടുത്ത ബന്ധമാണ്. കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയവും മോദിയുമായി സംസാരിച്ചു. അനധികൃതമായി യു.എസ്സിലെത്തിയ ഇന്ത്യക്കാരെ തിരിച്ച് സ്വീകരിക്കുന്ന കാര്യത്തില്‍ മോദി ശരിയായത് ചെയ്യും”, ട്രംപ് പറഞ്ഞു.
തിങ്കളാഴ്ചയാണ് യു.എസ്. പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദനമറിയിച്ച് മോദി ഫോണില്‍ വിളിച്ചത്. പ്രസിഡന്റായി അധികാരമേറ്റെടുത്ത് ഒരാഴ്ചയ്ക്കുശേഷം ട്രംപുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ട്രംപിന് മോദി അഭിനന്ദനം അറിയിച്ചത്.
ഇരുരാഷ്ട്രങ്ങള്‍ക്കും ഗുണകരമായതും വിശ്വസനീയവുമായ പങ്കാളിത്തത്തില്‍ ഇന്ത്യ എപ്പോഴും സന്നദ്ധമാണെന്ന് പ്രധാനമന്ത്രി ഫോണ്‍ സംഭാഷണത്തില്‍ ട്രംപിനോട് വ്യക്തമാക്കിയിരുന്നു.
Discussion about this post