ന്യൂഡൽഹി: സ്ത്രീധന നിയമങ്ങളുടെ ദുരുപയോഗം തടയാൻ മാർഗനിർദേശങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. പാർലമെനറ് നിയമമാണ് നിലവിൽ പ്രാബല്യത്തിലുള്ളതെന്നും നിയമത്തിലുള്ള മാറ്റമല്ല, സമൂഹത്തിലാണ് മാറ്റം വരേണ്ടതെന്നും സുപ്രീം കോടതിയുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് ബിവി നാഗരത്ന ജസ്റ്റിസ് എസ്സി ശർമ്മ എന്നിവരാണ് ഹർജി പരിഗണിച്ചത്.
ബംഗളൂരു ആസ്ഥാനമായുള്ള എഞ്ചിനീയർ അതുൽ സുഭാഷിന്റെ ആത്മഹത്യ, ഭാര്യമാരുടെ കെട്ടിച്ചമച്ച ആരോപണങ്ങൾ, സമാനമായ കേസുകൾ എന്നിവയുടെ പശ്ചാത്തലത്തിൽ സ്ത്രീധന നിയമങ്ങളുടെ ദുരുപയോഗം സംബന്ധിച്ച് അഭിഭാഷകൻ വിശാൽ തിവാരി നൽകിയ ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
‘ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. പാർലമെന്ററി നിയമമുണ്ട്. സമൂഹം മാറേണ്ടതുണ്ട്’- ജസ്റ്റിസ് നാഗരത്‌ന വ്യക്തമാക്കി. ഇത്തരത്തിലുള്ള കള്ളക്കേസുകൾ ജുഡീഷ്യറിക്ക് ഭാരമുണ്ടാക്കുമെന്ന വിശാൽ തിവാരിയുടെ വാദം കോടതി തള്ളി. തങ്ങൾക്ക് ഒരു ഭാരവുമില്ല. തങ്ങൾ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. കേസുകൾ തീർപ്പാക്കേണ്ടത് തങ്ങളുടെ കടമയാണെന്നും എന്ന് ജസ്റ്റിസ് ശർമ്മ അഭിപ്രായപ്പെട്ടു. അഭിഭാഷകർ വ്യവഹാരക്കാരായി മാറരുതെന്നും തങ്ങളെത്തന്നെ തുറന്നുകാട്ടരുതെന്നും ചൂണ്ടിക്കാട്ടി അതൃപ്തി രേഖപ്പെടുത്തിയ സുപ്രീം കോടതി, കേസ് പിൻവലിച്ചതായും വ്യക്തമാക്കി.
ബംഗളൂരു ആസ്ഥാനമായുള്ള എഞ്ചിനീയർ അതുൽ സുഭാഷിന്റെ ആത്മഹത്യയെ തുടർന്നാണ് അഭിഭാഷകൻ വിശാൽ തിവാരി ഹർജി സമർപ്പിച്ചത്. നിലവിലുള്ള സ്ത്രീധന, ഗാർഹിക പീഡന നിയമങ്ങൾ പുനരവലോകനം ചെയ്യുന്നതിനും പരിഷ്‌കരിക്കുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുള്ള നടപടികൾ നിർദ്ദേശിക്കുന്നതിനും വിരമിച്ച ജഡ്ജിമാർ, അഭിഭാഷകർ, നിയമവിദഗ്ധർ എന്നിവരടങ്ങുന്ന ഒരു വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
Discussion about this post