പാക്കിസ്ഥാന്‍ പേസ് ബൗളര്‍ ഷൊയൈബ് അക്തറിന്റെ ഇന്ത്യാ സ്‌നേഹത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഇന്ത്യയില്‍ ബിസിനസ് താല്‍പര്യങ്ങളുള്ളതുകൊണ്ടാണ് അക്തര്‍ കമന്ററിക്കിടെ ഇന്ത്യയെ പുകഴ്ത്തി പറയുന്നത്. സമീപകാലത്ത് സ്റ്റാര്‍ സ്‌പോര്‍ട്‌സിനുവേണ്ടിയുള്ള അക്തറിന്റെ കമന്ററി ശ്രദ്ധിച്ചാല്‍ അക്കാര്യം മനസിലാവുമെന്നും സെവാഗ് പറഞ്ഞു.
ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സെവാഗ് അക്തറിനെതിരെ വിമര്‍ശനമുന്നയിച്ചത്. കരിയറിനിടയിലോ ജിവിതത്തിലോ ഇന്ത്യയെ ഒരിക്കല്‍ പോലും പുകഴ്ത്താത അക്തര്‍ ഇപ്പോള്‍ ഇന്ത്യയെക്കുറിച്ച് വാതോരാതെ സംസാരിക്കുകയാണ്. അതിനയാള്‍ക്ക് നല്ല പണം കിട്ടുന്നുമുണ്ട്. കളിക്കുന്ന കാലത്ത് ഗ്രൗണ്ടില്‍ യാതൊരു സ്‌നേഹവും കാണിക്കാത്ത കളിക്കാരനാണ് അക്തര്‍. പക്ഷെ പണത്തിന് പലതും ചെയ്യാന്‍ കഴിയുമല്ലൊയെന്നും സെവാഗ് തുറന്നടിച്ചു.
അക്തര്‍ മാത്രമല്ല പാക്കിസ്ഥാന്‍ ടെലിവിഷന്‍ ചാനലുകളില്‍ കമന്റേറ്റര്‍മാരായി ജോലി ചെയ്യുന്ന മുഹമ്മദ് യൂസഫും സഖ്‌ലിയന്‍ മുഷ്താഖും റാണയുമെല്ലാം ഇന്ത്യയെപറ്റി പറയുന്നത് അവര്‍ ഇന്ത്യയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ്. കാരണം ഇന്ത്യയില്‍ ഒരു ലക്ഷം രൂപ പ്രതിഫലം ലഭിച്ചാല്‍ പാക്കിസ്ഥാനിലെത്തുമ്പോള്‍ അതിന് രണ്ട് ലക്ഷത്തിന്റെ മൂല്യമുണ്ട്.
Discussion about this post