പാലക്കാട് : നെന്മാറ ഇരട്ട കൊലപാതക കേസിൽ എസ്.എച്ച്.ഒയ്ക്ക് സസ്‌പെൻഷൻ. വീഴ്ച പറ്റിയെന്ന് എസ്പിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് വകുപ്പ് തല നടപടി. എസ് എച്ച് ഒ മഹേന്ദ്ര സിംഹനെയാണ് സസ്‌പെൻഡ് ചെയ്തത്. ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും കൃത്യമായ നടപടി സ്വീകരിക്കുന്നതിൽ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്നായിരുന്നു കണ്ടെത്തൽ .
നെന്മാറ പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചാണ് ചെന്താമര പോത്തുണ്ടിയിലെ വീട്ടിലെത്തിയത്. ഈ വിവരം പോലീസിനെ അറിയിച്ചിട്ടും ഒരു നടപടിയും എടുത്തില്ലെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ച് പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
അതേസമയം കൊലയ്ക്കു ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ചെന്താമര കൂടാരഞ്ഞിയിൽ എത്തിയതായി വിവരമുണ്ട്. .ഇതിന്റെ അടിസ്ഥാനത്തിൽ മേഖലയിലെ സിസിടിവികൾ കേന്ദ്രീകരിച്ച് പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ചെന്താമരയെ പോലീസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.സാരമായി പരിക്കേറ്റ സുധാകരൻ അപ്പോൾ തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു ലക്ഷ്മിയുടെ മരണം സംഭവിച്ചത്.
Discussion about this post