പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസിൽ പിടിയിലായ പ്രതി ചെന്താമര ഭാര്യയെയും കൊല്ലാൻ പദ്ധതിയിട്ടിരിന്നുവെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി വിവരം. ജാമ്യത്തിലിറങ്ങി ആറുപേരെ കൊലപ്പെടുത്തി ജയിലിലേക്ക് തിരിച്ചു പോവാനായിരുന്നു ഇയാളുടെ പദ്ധതി. ചെന്താമരയുടെ ഭാര്യയെയും മകളെയും, മരുമകനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നു എന്ന് ചെന്താര തന്നെ പറഞ്ഞു.
2019 ൽ കൊല്ലപ്പെട്ട സജിത, കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരായിരുന്നു അതിൽ മൂന്ന് പേർ . ആറ് പേരെ കൊലപ്പെടുത്തി തിരിച്ച് ജയിലേക്ക് തന്നെ മടങ്ങുക എന്നതായിരുന്നു ഇയാളുടെ പദ്ധതി. സുധാകരന്റെ കൊലപാതകം പെട്ടെന്നുള്ള പ്രകോപനം കാരണമെന്നാണ് ചെന്താമരയുടെ മൊഴി. ഭാര്യയെ കൊന്നതിന് കാണിച്ചു തരാമെന്ന് സുധകാരൻ പറഞ്ഞിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമായത്. തലേ ദിവസം സുധാകരനുമായുണ്ടായ തർക്കം കൊലയിലേക്ക് നയിച്ചു എന്ന് ചെന്താമര പറഞ്ഞു.
പോലീസ് കസ്റ്റഡിയിൽ ഒരു കൂസലും ഇല്ലാതെയായിരുന്നു പ്രതിയുടെ മറുപടികൾ. ആലത്തൂർ ഇൻസ്പെക്ടർ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പ്രാഥമിക ചോദ്യം ചെയ്യൽ. പോലീസും നാട്ടുകാരും തന്നെ തിരയുന്നത് കാട്ടിൽ ഒളിച്ചിരുന്ന് കണ്ടു. ഡ്രോൺ പറത്തി പരിശോധന നടത്തുന്നതും കണ്ടിരുന്നുവെന്ന് പ്രതി പറഞ്ഞു. പോലീസ് പിടിയിലായ ചെന്താമരയെ സ്റ്റേഷനിൽ എത്തിച്ചയുടൻ, തനിക്ക് വിശക്കുന്നുവെന്നും ഭക്ഷണം വേണമെന്നുമാണ് ആവശ്യപ്പെട്ടത്. തുടർന്ന് ഭക്ഷണം എത്തിച്ചു നൽകുകയും ചെയ്തു.
Discussion about this post