ന്യൂഡൽഹി: ബഹിരാകാശ രംഗത്ത് പുതിയ ചരിത്രമെഴുതിക്കൊണ്ട് നടന്ന ചരിത്രപരമായ 100-ാം വിക്ഷേപണത്തിന്റെ വിജയം ആഘോഷമാക്കി ഇന്ത്യൻ ബഹിരാകാശ ഏജൻസി(ഐഎസ്ആർഒ). ജിഎസ്എൽവി എഫ്15ൽ നിന്നുള്ള എൻവി എസ്- 02 ന്റെ വിക്ഷേപണത്തിന്റെ ഒരു മിനിറ്റ് നീണ്ടുനിൽക്കുന്ന ഓൺ ബോർഡ് ദൃശ്യങ്ങൾ ഐഎസ്ആർഒ പങ്കുവച്ചിട്ടുണ്ട്. മറ്റൊന്നിനും പകരം വയ്ക്കാനാവാത്ത ദൃശ്യങ്ങൾ, ഇന്ത്യയുടെ ബഹിരാകാശ പദ്ധതികൾ പ്രചോദനം തുടരുന്നു’ എന്ന കുറിപ്പോടെയാണ് ഐഎസ്ആർഒ എക്‌സിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് നൂറാമത് വിക്ഷേപണ ദൗത്യം ഐഎസ്ആർഒ പൂർത്തിയാക്കിയത്. ഇന്ന് രാവിലെ 6.23ന് സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിന്റെ രണ്ടാമത്തെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ഈ വിക്ഷേപണം നടന്നത്. വിക്ഷേപണം നടന്ന് 19-ാം മിനിറ്റിൽ തന്നെ ഉപഗ്രഹത്തെ നിർണായക ഭ്രമണപഥത്തിലെത്തിച്ചു.
നാവിക് സാറ്റലൈറ്റ് സിസ്റ്റത്തിന്റെ ഭാഗമായ ഒരു ഉപഗ്രഹമാണ് എൻവിഎസ്-02. നാവിഗേഷനും റേഞ്ചിങിനുമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സ്ഥാനനിർണയ സംവിധാനമാണ് ഇത്. ഇതിന്റെ മറ്റൊരു പേരാണ് നാവിക്. പുതിയ ഐഎസ്ആർഒ ചെയർമാന് കീഴിൽ നടക്കുന്ന ആദ്യ വിക്ഷേപണമെന്ന പ്രത്യേകതയും ഈ ദൗത്യത്തിനുണ്ട്.
എൻവിഎസ്-02 ഉപഗ്രഹത്തിന് ഏകദേശം 2,250 കിലോഗ്രാം ഭാരമുണ്ട്. മുൻഗാമിയായ എൻവിഎസ്-01 പോലെ സി-ബാൻഡിലെ റേഞ്ചിങ് പേലോഡിന് പുറമേ എൽ1, എൽ5, എസ് ബാൻഡുകളിലും നാവിഗേഷൻ പേലോഡും ഇതിനുണ്ട്. ഐഎസ്ആർഒയുടെ അഭിപ്രായത്തിൽ, ഭൗമ, വ്യോമ, സമുദ്ര നാവിഗേഷൻ, പ്രസിഷൻ അഗ്രികൾച്ചർ, ഫ്‌ലീറ്റ് മാനേജ്‌മെന്റ്, മൊബൈൽ ഉപകരണങ്ങളിലെ ലൊക്കേഷൻ അധിഷ്ഠിത സേവനങ്ങൾ, ഉപഗ്രഹങ്ങൾക്കുള്ള ഭ്രമണപഥ നിർണ്ണയം, ഇന്റർനെറ്റ്-ഓഫ്-തിങ്‌സ് (ഐഒടി) അധിഷ്ഠിത ആപ്ലിക്കേഷനുകൾ, അടിയന്തര, സമയ സേവനങ്ങൾ എന്നിവയാണ് ഉപഗ്രഹം ഉപയോഗിക്കുന്ന പ്രധാന ആപ്ലിക്കേഷനുകൾ.
Discussion about this post